(കെ.ജി മന്മഥന്‍ നായര്‍, ഓര്‍ഗനൈസിംഗ് പ്രസിഡന്റ്)

ഒരു നാടിന്റെ നട്ടെല്ലെന്ന് പറയുന്നത് അവിടുത്തെ സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് അത്രത്തോളം കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളുടെ അഭിമാനമായിരിക്കും. വളര്‍ന്നു വരുന്ന നമ്മുടെ നാടിനെ സംബന്ധിച്ച് ലോകം ചിന്തിച്ചു തുടങ്ങിയ ഒരു കാലത്തിലൂടെയാണ് നമ്മുടെ യാത്ര. കേരളത്തിന്റെ വികസന പ്രക്രീയയില്‍ കേരള ഗവണ്‍മെന്റ് നടപ്പില്‍ വരുത്തുന്ന പദ്ധതികളെ ദീര്‍ഘകാല കാഴ്ചപ്പാടോടെ നോക്കി കാണുന്ന ഒരാളാണ് ഞാന്‍. പുതുതായി കേരളത്തില്‍ വന്ന നാലുവരിപ്പാതകളും മറ്റും കേരളത്തിലെ ടൂറിസ്റ്റ് വ്യവസായത്തെ വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്.

ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച സര്‍ക്കാരാണ് കേരളത്തില്‍ ഭരണത്തിലുള്ളത്. താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ തൊഴിലില്ലായ്മയും മറ്റും പരിഹരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളെ കൂടുതല്‍ മനസ്സിലാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി മലയാളികള്‍ നല്‍കിയ സംഭാവനകള്‍ കൂടി ഈ വികസന പ്രക്രീയയുമായി കൂട്ടി ചേര്‍ത്ത് വായിക്കണം. ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനായി രൂപം കൊണ്ട ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാന്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

ആഗോള മലയാളി സമൂഹത്തിന്റെ ഒരു പൊതുവേദിയായ ലോക കേരള സഭയുടെ മൂന്നാമത് മേഖലാ സമ്മേളനം അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സഹകരണത്തോടെ നടക്കുമ്പോള്‍ കേരളത്തിന് പ്രതീക്ഷിക്കുവാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ട്. അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ചരിത്രത്തിന് നല്ല പഴക്കമുണ്ടെങ്കിലും പുതിയ കുടിയേറ്റവും സാഹചര്യങ്ങളും വ്യത്യസ്തത നിറഞ്ഞതാണ്. പുതു തലമുറയുടെ വിദേശ കുടിയേറ്റങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐ ടി തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലായി നടന്ന പ്ലേസ് മെന്റുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇനി ഭാവിയില്‍ വരാന്‍ പോകുന്ന സാഹചര്യങ്ങള്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തിലേക്ക് കടക്കുന്ന സമൂഹത്തില്‍ തൊഴിലവസരങ്ങളുടെ ലഭ്യതക്കുറവ് പ്രധാന പ്രശ്‌നമായി ഈ നിമിഷത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് . ടൂറിസം, മെഡിക്കല്‍ ടൂറിസം മേഖലകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കണം. അതിനുള്ള സാധ്യത കേരള ഗവണ്‍മെന്റ് ഇനിയും തിരിച്ചറിയണം. ഈ വിഷയവുമായി ബന്ധപ്പെട്ട അമേരിക്കന്‍ മലയാളികളുടെ സംരംഭങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുവാനുള്ള പഠനങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളായി നടക്കണം. അതിനായി ലോക കേരള സഭയുടെ അമേരിക്കന്‍ പ്രതിനിധികളില്‍ പ്രസ്തുത മേഖലകളിലെ പ്രഗത്ഭരുടെ സാന്നിദ്ധ്യം കൂടി തുടര്‍ന്ന് ഉറപ്പാക്കണം.

നവ കേരള പ്രവര്‍ത്തനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്ന പ്രോജക്ടുകള്‍ തുടങ്ങുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചര്‍ച്ചകള്‍ മാത്രം നടന്നത് കൊണ്ട് കാര്യമില്ല, വിശദമായ ഫോളോ അപ്പുകള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കണം. അതിന് സുസ്ഥിരമായ ഒരു ടീമിനെ റഡിയാക്കണം. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കേരളാ മുഖ്യമന്ത്രിയടക്കം ഒരു ടീം ഈ പരിപാടിക്കായി അമേരിക്കയിലെത്തുമ്പോള്‍ അമേരിക്കന്‍ മലയാളികളും ഈ സാധ്യതകള്‍ വിലയിരുത്തുകയും കേരളത്തിന്റെയും മലയാളി സമൂഹത്തിന്റേയും ഭാവിക്കായി അവയെ പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് എന്ന നിലയില്‍ പൂര്‍ണ്ണ മനസ്സോടെ പ്രവര്‍ത്തിക്കുകയും മുകളില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുകയും കേരള വികസനത്തിന്റെ കാര്യത്തില്‍ പലതും ചെയ്യുവാന്‍ കഴിവുള്ള വ്യക്തികളെ ഈ സമ്മേളനത്തിന്റെ ഭാഗമാക്കുവാനും ശമിച്ചിട്ടുണ്ട്. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുമ്പോള്‍ ഈ സമ്മേളനം വിജയം കാണുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ കൂടുതല്‍ ഇടപെടുമ്പോള്‍ ഈ വിഷയം കൂടുതല്‍ ജനകീയമാകും. അതുകൊണ്ട് തന്നെ നിലവില്‍ മന്ദഗതിയില്‍ നില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. മലയാളികള്‍ക്ക് വേണ്ടിയാണ് ഈ സമ്മേളനം നടക്കുന്നത്, അതുകൊണ്ട് തന്നെ നമ്മള്‍ മലയാളികള്‍ തന്നെ ഈ വിഷയങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിച്ചു സര്‍ക്കാരിന്റെ മുന്‍പില്‍ എത്തിക്കണം.

നിലവില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് നടത്തിക്കൊടുക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ആണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ പ്രശ്‌നങ്ങള്‍ അവരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ടൂറിസം വിനോദം ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും സര്‍ക്കാര്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത് അതുകൊണ്ടുതന്നെ, ആ നമ്മള്‍ മലയാളികളുടെ ഭാഗത്തുനിന്നുള്ള ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ് സര്‍ക്കാരിന് ഇനി ആവശ്യമുള്ളത്. എല്ലാ മേഖലകളിലും മലയാളികള്‍ അവര്‍ക്ക് വേണ്ടത് എന്താണ് അത് സര്‍ക്കാരിന് മുന്‍പില്‍ ബോധിപ്പിക്കേണ്ടതുണ്ട്. ഒരു നല്ല ഭരണത്തിന് കീഴില്‍ നല്ല ജനതയായി ജീവിക്കാന്‍ കേരളം ഈ ഭരണകൂടത്തിന് കീഴില്‍ ആഗ്രഹിക്കുന്നു എന്ന് തെളിയിക്കാനും ഈ സന്ദര്‍ഭത്തെ ഉപയോഗിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here