മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബിലാൽ, അമൽ ടോമി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അമൽ ടോമി കെഎസ്‌യു മണ്ഡലം പ്രസിഡന്റാണ്.

വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം നടന്നത്. വിദ്യാർത്ഥിയുടെ കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഐസിയുവില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയെ അല്‍പ്പം മുമ്പാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല.

സംഭവത്തെ തുടർന്ന് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here