കാസര്‍ഗോഡ് കരിന്തളം കോളജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കേസിൽ കെ വിദ്യ മാത്രമാണ് ഏക പ്രതിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിർമ്മിച്ചെന്നും സർക്കാർ ശമ്പളം കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ കെ വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നൽകിയിരുന്ന മൊഴി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലെടുത്ത കേസിൽ അഗളി പൊലീസും വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ വിദ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിലേശ്വരം പൊലീസ് നോട്ടീസ് നൽകുകയായിരുന്നു.

2018 ജൂൺ നാല് മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസ് കോളേജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന് തെളിയിക്കുന്ന രണ്ട് സർട്ടിഫിക്കറ്റുകളാണ് വിദ്യ ഹാജരാക്കിയത്. സർട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്റർവ്യൂ പാനൽ കോളേജുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ 10 വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലാണ് വിദ്യയ്ക്കെതിരെ ആദ്യമായി പരാതി നൽകുന്നത്. പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസെടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here