തിരുവനന്തപുരം : നിയമസഭാ  തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. 171ബി, 171 ഇ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പട്ടാമ്പി നിയമസഭാമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് എംഎല്‍എ വീട്ടമ്മയായ വോട്ടര്‍ക്ക്പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പണം നല്‍കുന്ന ദൃശ്യങ്ങള്‍ ഫെയ്സ്ബുക് പോസ്റ്റിലൂടെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് പുറത്തുവിട്ടത്. പരാജയ ഭീതി പൂണ്ട യുഡിഎഫ് നേതൃത്വം പണം കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നല്‍കിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ തെളിവാണ് വ്യാഴാഴ്ച പുറത്തായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഗൃഹസന്ദര്‍ശനത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവായ  സി പി മുഹമ്മദ് കാശ് നല്‍കിയത്.

പട്ടാമ്പി നിയമസഭാമണ്ഡലത്തില്‍പ്പെട്ട വിളയൂര്‍ പഞ്ചായത്തിലെ 24–ാം നമ്പര്‍ ബൂത്തിലെ എടത്തല പോസ്റ്റ് ഓഫീസിന് സമീപത്തെ വോട്ടര്‍ക്കാണ് പണം കൊടുത്തത്. വീട്ടിലേക്ക് കയറുമ്പോള്‍ത്തന്നെ സ്ഥാനാര്‍ഥി കാശ് കൈയിലെടുത്തു. തുടര്‍ന്ന് ഗൃഹനാഥനോട് വോട്ട് ചോദിച്ച് ഇറങ്ങുമ്പോഴാണ് വീട്ടമ്മയ്ക്ക് നോട്ട് ചുരുട്ടി നല്‍കിയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിലൂടെ നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ് സ്ഥാനാര്‍ഥി നടത്തിയത്. മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കാന്‍വരെ സാധ്യതയുള്ള കുറ്റമാണിത്. സി പി മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, താന്‍ പണം നല്‍കിയിട്ടില്ലെന്നാണ് സി പി മുഹമ്മദിന്റെ വാദം

LEAVE A REPLY

Please enter your comment!
Please enter your name here