തിരുവനന്തപുരം:മാതൃകാഭരണം കാഴ്ചവയ്ക്കുമെന്ന പ്രഖ്യാപനത്തോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ ശ്രദ്ധേയമാകുന്ന മറ്റൊരു വസ്തുത വനിതാപ്രാതിനിധ്യം. 25 ന് സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി സര്‍ക്കാരില്‍ വനിതാ മന്ത്രിമാര്‍ ഒന്നിലധികം ഉണ്ടായേക്കും. അങ്ങനെയെങ്കില്‍ അത് ചരിത്രവുമായിരിക്കും. കേരളത്തില്‍ മുമ്പൊരു സര്‍ക്കാരിലും ഒന്നിലധികം വനിതാ മന്ത്രിമാര്‍ ഉണ്ടായിട്ടില്ല. പതിനാലാം നിയമസഭയില്‍ ഇടതുമുന്നണിക്ക് മാത്രമേ വനിതാ സാമാജികര്‍ ഉള്ളൂ എന്ന പ്രത്യേകതയുമുണ്ട്. മല്‍സരിച്ച 16 വനിതാ സ്ഥാനാര്‍ത്ഥികളില്‍ എട്ടുപേരെയും ജയിപ്പിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. യുഡിഎഫില്‍ നിന്ന് ആരുമില്ല.

കൂത്തുപറമ്പില്‍ നിന്നു ജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ ടീച്ചര്‍, കുണ്ടറയില്‍ നിന്നു ജയിച്ച സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ മന്ത്രിയാകുമെന്നാണു സൂചന. സിപിഐ ആകട്ടെ പീരുമേട്ടില്‍ നിന്നു മൂന്നാമതും ജയിച്ച ഇ എസ് ബിജിമോളെ മന്ത്രിയാക്കാന്‍ ആലോചിക്കുന്നു. അവസാനറൗണ്ടിലെ മാറ്റത്തില്‍ മേഴ്‌സിക്കുട്ടിയമ്മയും ബിജിമോളും ലിസ്റ്റില്‍ നിന്നു പുറത്തായിക്കൂടെന്നില്ല. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗം ഷൈലജ ടീച്ചറെ ഒഴിവാക്കില്ല. പക്ഷേ, കൊല്ലം ജില്ലയുടെ പ്രാതിനിധ്യം പരിഗണിക്കുമ്പോള്‍ മേഴ്‌സിക്കുട്ടിയമ്മയെ ഒഴിവാക്കുന്നതിലുമുണ്ട് പ്രശ്‌നം. പാര്‍ട്ടി ഞായറും തിങ്കളുമായി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

പീരുമേട് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് ബിജിമോള്‍ മൂന്നാം വിജയം ഉറപ്പാക്കിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലമായ പീരുമേടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള ചില വിമത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ബിജിമോള്‍ക്ക് മറികടക്കേണ്ടി വന്നു. എഡിഎമ്മിനെ അക്രമിച്ചു എന്ന വിവാദവും അതിന്റെ പേരിലുള്ള കേസും ഇപ്പോഴും നിലവിലുണ്ടുതാനും.

സിപിഐക്ക് നാലു മന്ത്രിമാരെ കിട്ടിയാലും അഞ്ചുപേരെ കിട്ടിയാലും അതിലൊന്ന് ബിജിമോള്‍ ആയിരിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ പി കെ ശ്രീമതി ടീച്ചറായിരുന്നു വനിതാ മന്ത്രി. അതിനു മുമ്പ് കെ ആര്‍ ഗൗരിയമ്മയും സുശീലാ ഗോപാലനുമാണ് ഇടതുമന്ത്രിസഭകളില്‍ അംഗമായിരുന്നിട്ടുള്ളത്. സിപിഐയില്‍ നിന്ന് ഇതുവരെ സ്ത്രീകളാരും മന്ത്രിസഭയിലെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here