തിരുവനന്തപുരം: നാളെ അധികാരമേല്‍ക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളേറെ. കഴിഞ്ഞ സര്‍ക്കാരിന്റെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണി പറഞ്ഞ് അധികാരത്തിലേറിയ ഇടതുമുന്നണിക്ക് പിടിപ്പത് പണിയുണ്ട് ഇനിയുള്ള അഞ്ചുവര്‍ഷം. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സിപിഎമ്മിന്റെ മുദ്രാവാക്യം ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്നതായിരുന്നു. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പല കാര്യങ്ങളിലും പല മാറ്റങ്ങളും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവും. എല്‍ഡിഎഫ് മുന്നോട്ടുവച്ച എല്ലാം ശരിയാകുമെന്ന മുദ്രാവാക്യത്തില്‍ എന്തൊക്കെ ശരിയാകും? എന്തൊക്കെയാണ് ശരിയാകേണ്ടത്? എന്നാണ് എല്ലാവര്‍ക്കും സംശയം.

ഇതില്‍ ഏറ്റവും പ്രധാനം മദ്യനയം തന്നെ.യുഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പിലെ പ്രചാരണ ആയുധമായിരുന്നു മദ്യനയം. തങ്ങള്‍ സ്വീകരിച്ച നയം വിജയകരമാണെന്ന് അവര്‍ത്തിക്കവെയാണ് ബാര്‍ കോഴയെന്ന ദുര്‍ഭൂതം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഒന്നാകെ വിഴുങ്ങിയത്. പിന്നീട് വിവാദങ്ങളും ആരോപണങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നെങ്കിലും മദ്യനയത്തില്‍ ഉറച്ചു നില്‍ക്കാന്‍ സര്‍ക്കാരിനായി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മദ്യനയത്തില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്നും മദ്യവര്‍ജനമാണ് നടപ്പാകേണ്ടതുമെന്നും ഇടതുമുന്നണി വ്യക്തമാക്കിയിരുന്നു.
അധികാരത്തിലെത്തിയ സാഹചര്യത്തില്‍ വിഷയത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ബാര്‍ മുതലാളിമാരെ പ്രീണിപ്പിക്കാത്തതും ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതുമായ നയമാണ് എടുക്കേണ്ടത്. ആരോപണങ്ങളും എതിര്‍പ്പുകളും ഇല്ലാതെ നയം നടപ്പിലാക്കേണ്ടതും സര്‍ക്കാരിന്റെ വെല്ലുവിളിയാണ്.

ഇതോടൊപ്പം കോണ്‍ക്രീറ്റ് കാടുകള്‍ നിറയ്ക്കുന്നതല്ല വികസനമെന്ന പരസ്യവാചകവും പ്രാവര്‍ത്തികമാക്കേണ്ടതുണ്ട് ഇടതുമുന്നണിക്ക്. പ്രകൃതിയെ ദ്രോഹിക്കാതെയുള്ള വികസനവും വളര്‍ച്ചയും നടപ്പിലാക്കുമെന്ന് പറയുമ്പോഴും അത് വെല്ലുവിളിയാണ്. അനധികൃത കയ്യേറ്റങ്ങളെയും വെട്ടിനിരത്തുലുകളെയും തടയേണ്ടതായിട്ടുണ്ട്. ഫ്‌ലാറ്റ് ലോബിയെ നിലയ്ക്ക് നിര്‍ത്താനും റിയല്‍ എസ്‌റ്റേറ്റ് ഭീകരന്മാരെ വരച്ച വരയില്‍ നിര്‍ത്തേണ്ടതും അത്യാവശ്യവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ കാര്യമാണ്.

ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ സംസ്ഥാനം അക്രമരാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തിന്റെ മുനയൊടിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ ആഭ്യന്തര വകുപ്പും ബന്ധപ്പെട്ട ഭരണകര്‍ത്താക്കളും സ്വീകരിക്കേണ്ടതുണ്ട്. പിണറായി വിജയന്‍ ബിജെപി നിലപാടുകളോട് എത്തരത്തിലുള്ള സമീപനമാണ് തുടരുന്നതെന്നും അറിയേണ്ടതുണ്ട്.

സംസ്ഥാനത്തെ വികസനത്തിന്റെ കാര്യത്തില്‍ മുന്‍ പന്തിയിലേക്ക് നയിക്കുക എന്നത് പ്രധാനപ്പെട്ട വിഷയമാണ്. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച വിഴിഞ്ഞം പദ്ധതികള്‍ പോലുള്ള വന്‍ പദ്ധതികള്‍ ഇനി എത്രമാത്രം വേഗത്തിലാകുമെന്നും അറിയേണ്ടതുണ്ട്. തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതലായി ഉണ്ടാക്കുകയും സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതും അനിവാര്യമാണ്. 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന തെരഞ്ഞെടുപ്പ് പത്രികയിലെ വാക്കും പാലിക്കേണ്ടതായിട്ടുണ്ട്. ഇവയ്‌ക്കെല്ലാമായി മൂലധനം കണ്ടെത്താനും കൂടുതല്‍ നിക്ഷേപം എങ്ങനെ എത്തിക്കാമെന്നതും പിണറായിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്.

ഇതിലും പ്രധാനപ്പെട്ടതാണ് വിഎസ് അച്യുതാനന്ദനോടുള്ള സമീപനം പിണറായിവിജയനില്‍ നിന്ന്  എങ്ങനെയുണ്ടാകുമെന്ന് ജനം കാത്തിരിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള വാക് പോര് ഉപേക്ഷിക്കുകയും ഒരുമിച്ച് പോകുകയും ചെയ്താല്‍ തിരിച്ചടികള്‍ അതിജീവിക്കാന്‍ സാധിക്കും. ഇരുവരും തമ്മില്‍ പഴയപോലെയുള്ള പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്താന്‍ ഭരണത്തിന്റെ ശോഭ കെടുമെന്ന് വ്യക്തമാണ്. വി എസിന് പാര്‍ട്ടിയില്‍ ഒരു സ്ഥാനം നല്‍കുമെന്ന് പറയുമ്പോഴും ആ സ്ഥാനം എന്തായിരിക്കുമെന്നോ അവിടെ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് എത്രത്തോളം ഇടപെടലുകള്‍ നടത്താന്‍ സാധിക്കും എന്നും ജനം ഉറ്റു നോക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here