കൊല്ലം: ജാതിമത ശക്തികളെ അകറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് കേരളത്തിലെ ഇരുമുന്നണികളുടെയും ഭൂരിഭാഗം സ്ഥാനാര്‍ഥികളും അവകാശപ്പെട്ടിരുന്നത്. ചിലരുടെയെങ്കിലും കാര്യത്തില്‍ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവിധ വീഡിയോകളിലാണ് ചില എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പെന്തക്കോസ്ത് സഭകളുടെ പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കാളികളാകുന്നതായി കാണുന്നത്. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി വിവിധ പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ സജീവമാണ്. പാസ്റ്റര്‍മാര്‍ സഭയുടെ പ്രാര്‍ത്ഥന ശിവന്‍കുട്ടിയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്നതായും വീഡിയോകളില്‍ കാണാം. ഇതിന് പുറമേ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ശിവന്‍കുട്ടിയ്ക്ക് ഉജ്വല വിജയം ദൈവനാമത്തില്‍ നല്‍കാന്‍ വിശ്വാസികള്‍ കരമുയര്‍ത്തി പ്രാര്‍ത്ഥിക്കണമെന്ന് പാസ്റ്റര്‍ പറയുകയും ശിവന്‍കുട്ടിയുടെ തലയില്‍ കൈവെച്ച് പാസ്റ്റര്‍ പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. മറ്റൊരു പ്രാര്‍ത്ഥനാ യോഗത്തില്‍ വിശ്വാസികള്‍ കൈയടിച്ചു പ്രാര്‍ത്ഥിക്കുന്നിടത്ത് ശിവന്‍കുട്ടിയുടെ നെഞ്ചില്‍ കൈവെച്ച് പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്.

പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി.ഗണേശ് കുമാറും പെന്തക്കോസ്ത് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുകയും ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാണ്. പാസ്റ്ററുടെ പ്രാര്‍ത്ഥനയ്ക്കും പ്രസംഗത്തിനുമിടയ്ക്ക് പല തവണ ഗണേശ്കുമാര്‍ കണ്ണു തുടയ്ക്കുന്നതും നെഞ്ചില്‍ കൈവെച്ച് പ്രാര്‍ത്ഥിയ്ക്കുന്നതും കാണാം. പാസ്റ്ററുടെ പ്രസംഗത്തിനിടയില്‍ ഗണേശിന്റ ഭൂരിപക്ഷം കര്‍ത്താവ് എഴുതിക്കാണിച്ചതായും പറയുന്നു. 23000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് ഗണേശിന്റെ തോളത്തു കൈവെച്ച് പാസ്റ്റര്‍ പറയുന്നത്. ദൈവത്തിന്റെ നാമത്തില്‍ എല്ലാവരും ഒരുമിച്ച് ഗണേശിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നെന്നും ദുഷ്ടന്റെ സകല പദ്ധതികളും യേശുവിന്റെ നാമത്തില്‍ പൊളിഞ്ഞുമാറട്ടെന്നും അസൂയാലുക്കളുടേയും പഹയന്മാരുടേയും ദൃഷ്ടികള്‍ ഗണേശിന്റെ കുടുംബത്തിന്റെ മേല്‍നിന്നും മാറിപ്പോകട്ടെയെന്നും ഇവര്‍ക്കെതിരേ പതിയിരിക്കുന്ന എല്ലാ ശത്രുതന്ത്രങ്ങളും യേശുവിന്റെ നാമത്തില്‍ മാറട്ടെ എന്നും പറയുന്നതിനിടെയിലാണ് പാസ്റ്റര്‍ ഗണേശിന്റെ ഭൂരിപക്ഷത്തിന്റെ കണക്കും യേശുക്രിസ്തു എഴുതിക്കാണിച്ചതായി പറയുന്നത്. യേശുവിന്റെ അടുക്കല്‍ വന്ന വ്യക്തി ലജ്ജിച്ചു പോകില്ലെന്ന് എത്ര പേര്‍ സമ്മതിച്ചു എന്ന് ചോദിച്ചു വിശ്വാസികളെക്കൊണ്ട് കൈയുയര്‍ത്തി പിന്തുണ നേടാന്‍ പാസ്റ്റര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി മതശക്തികളെ എല്‍ഡിഎഫ് ദുരുപയോഗം ചെയ്തു എന്നത് വ്യക്തമാക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here