1435944295_Chandy_Kerala_0_2
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരീകരിച്ചു. ഭീഷണി സംബന്ധിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഐ.ബി പരിശോധന നടത്തുന്നതിനെ പറ്റി കേന്ദ്രം കേരളത്തെ അറിയിച്ചിട്ടില്ല. ഇതില്‍ കേന്ദ്രത്തെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഐ.ബി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തമിഴ്നാട് അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ എന്നീ സംഘടനകള്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഇന്‍റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ടെന്നും തമിഴ്നാട് കോടതിയെ അറിയിച്ചിരുന്നു.
ഈ ഭീഷണി ചെറുക്കാന്‍ സി.ഐ.എസ്.എഫ് കാവല്‍ വേണമെന്നാണ് തമിഴ്നാടിന്‍െറ ആവശ്യം. മുല്ലപ്പെരിയാറില്‍ സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന കേന്ദ്ര നിലപാടിനാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. 2014 ആഗസ്റ്റ് 16ന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സുപ്രീംകോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷക്ക് സി.ഐ.എസ്.എഫിനെ നിയോഗിക്കണമെന്ന തമിഴ്നാടിന്‍െറ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ ഇടപെടാന്‍ അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അണക്കെട്ടിന്‍െറ സുരക്ഷാ ചുമതല കേരള പൊലീസില്‍ നിന്ന് മാറ്റി കേന്ദ്രസേനയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് ഹര്‍ജി നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here