1435944665_ARUN_JAITLEY_1189291f
ന്യൂഡല്‍ഹി: രാജ്യത്തെ 73 ശതമാനം കുടുംബങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്ന് സാമൂഹ്യ, സാമ്പത്തിക, ജാതി സര്‍വ്വെ. ഇതില്‍ 74.5 ശതമാനം കുടുംബങ്ങളടെയും മാസാന്ത വരുമാനം 5,000 രൂപയില്‍ കുറവാണെന്നും പതിനായിരം രൂപയില്‍ കുടുതല്‍ മാസാന്ത വരുമാനമുള്ള ഗ്രാമീണ കുടുംബങ്ങള്‍ 8.3 ശതമാനം മാത്രമാണെന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു. നഗര, ഗ്രാമങ്ങളിലായി രാജ്യത്ത് 24.39 കോടി കുടുംബങ്ങളാണുള്ളതെന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു. ഗ്രമീണ ജനസംഖ്യയില്‍ 56 ശതമാനം ജനങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. ഇതില്‍ 70 ശതമാനവും പട്ടികജാതിക്കാരായ കുടുംബങ്ങളാണ്. 50 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല.
ഗ്രാമീണ ജനസംഖ്യയില്‍ 18.5 ശതമാനം പട്ടിക ജാതിക്കാരും 11 ശതമാനം പട്ടിക വര്‍ഗക്കാരുമാണ്. ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ 4.6 ശതമാനം മാത്രമാണ് ആദായ നികുതി അടക്കുന്നതെന്നും 80 വര്‍ഷത്തിനു ശേഷം തയാറാക്കിയ സാമൂഹ്യ, സാമ്പത്തിക, ജാതി സര്‍വ്വെയില്‍ പറയുന്നു. സര്‍വ്വെ റിപ്പോര്‍ട്ട്‌ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ഗ്രാമീണ വികസന, പഞ്ചായത്തീരാജ് മന്ത്രി ചൗധരി വീരേന്ദ്ര സിങൂം ചേര്‍ന്ന് പുറത്തിറക്കി. 1932ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു സര്‍വ്വെ തയാറാക്കുന്നത്. രാജ്യത്ത് 4.08 ലക്ഷം ജനങ്ങള്‍ സാധനങ്ങള്‍ പെറുക്കി ജീവിക്കുന്നവരും 6.68 ലക്ഷം യാചകരുണ്ടെന്നുമാണ് സര്‍വ്വെ പറയുന്നത്.
കുടുംബങ്ങളുടെ സാമൂഹ്യ, സാമ്പത്തിക ചുറ്റുപാട്, ഭൂസ്വത്ത് വിവരം, വിദ്യാഭ്യാസ നിലവാരം, സ്ത്രീകളുടെ സ്ഥിതിവിവരം, തൊഴില്‍, വരുമാനം തുടങ്ങി സമഗ്ര വിവരങ്ങളാണ് സര്‍വ്വെയിലുള്ളത്. ഇന്ത്യയിലെ മത സമുദായങ്ങള്‍, ജാതികളും ഉപജാതികളും പ്രത്യേക മേഖലകള്‍, സാമ്പത്തിക വിഭാഗങ്ങള്‍ എന്നിവയെ സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ ഇതാദ്യമായാണ് സര്‍വ്വെയിലൂടെ പുറത്തുവരുന്നത്. 2011ല്‍ രാജ്യത്തെ 640 ജില്ലകളില്‍ നടത്തിയ സര്‍വ്വെയുടെ ഫലം ഇപ്പോഴാണ് പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here