KM-Mani-Oommen-Chandy.jpg.image.784.410

 

തിരുവനന്തപുരം∙ ഭൂമി പതിച്ചു നല്‍കല്‍ ചട്ടത്തിലെ മാറ്റങ്ങള്‍ക്ക് മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ധനമന്ത്രിയുമാണെന്ന് വ്യക്തമായി. ഭൂപരിധി ഒന്നില്‍ നിന്ന് നാലേക്കര്‍ ആക്കണമെന്നും കൈമാറ്റ കാലാവധി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടത് ഇടുക്കിയിലെ പട്ടയ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളിലാണ്. 2012ല്‍ പെരിഞ്ചാംകുട്ടി ഭൂമി പ്രശ്നം ചര്‍ച്ച ചെയ്ത യോഗത്തില്‍ ധനമന്ത്രി കെ.എം. മാണി ഇക്കാര്യം ആവശ്യപ്പെട്ടതിന്‍റെ മിനിറ്റ്സ് മനോരമ ന്യൂസിനു ലഭിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ 2012 മെയ് മാസത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭൂമി പതിച്ചു നൽകിയ ചട്ടങ്ങളില്‍ ഭേദഗതി വേണമെന്ന് ധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടത്. ഒരേക്കര്‍ ഭൂമിയെ പതിച്ച് നല്‍കാവൂ എന്ന ചട്ടം മാറ്റണം. പട്ടയഭൂമി 25 വര്‍ഷം കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിബന്ധനയും റദ്ദ് ചെയ്യണമെന്ന് കെ.എം. മാണി യോഗത്തില്‍ ശക്തമായി ആവശ്യപ്പെടുകയായിരുന്നു. ഇടുക്കി പെരിഞ്ചാംകുട്ടിയിലെ ഭൂമി അവിടെ കൈയ്യേറിയവര്‍ക്ക് പതിച്ച് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത യോഗത്തിലെ തീരുമാനങ്ങള്‍ 2013 ല്‍ ഉത്തരവായി ഇറങ്ങിയപ്പോള്‍ കേരളത്തിന് ആകെ ബാധകമാകുന്ന രീതിയിലുള്ള ഉത്തരവായി.

2013 സെപ്റ്റംബര്‍ 25ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭൂമി പതിച്ചു നൽകിയ ചട്ടങ്ങളിലെ വന്‍മാറ്റങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയത്. 2015 ജൂണില്‍ ഇരുചെവിയറിയാതെ പുറപ്പെടുവിച്ച വിവാദ ഉത്തരവിലൂടെ ഈ മാറ്റങ്ങള്‍ക്ക് 2005 കൈയ്യേറ്റക്കാര്‍ക്ക് പ്രയോജനകരവുമാക്കി. ഘട്ടം ഘട്ടമായുള്ള നീക്കങ്ങളിലൂടെയാണ് സുപ്രധാന ഭേദഗതികള്‍ കൊണ്ടു വന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

മുഖ്യമന്ത്രിയും ധനമന്ത്രിയും നേതൃത്വം കൊടുത്തു കൊണ്ടുള്ള നീക്കങ്ങളെ തുടര്‍ന്നുള്ള ഉത്തരവ് വിവാദമായതോടെ, റവന്യൂ വകുപ്പിനെയും മന്ത്രി അടൂര്‍പ്രകാശിനെയും മാത്രം ഉത്തരവാദികളാക്കാനുള്ള നീക്കവും നടന്നു. ഇതിനോട് കോണ്‍ഗ്രസിലെ ഐ വിഭാഗം ശക്തമായാണ് പ്രതികരിച്ചത്. തുടര്‍ന്നാണ് 2005 വരെയുള്ള കൈയ്യേറ്റങ്ങളെ നിയമപരമാക്കാനുള്ള ഉത്തരവ് സർക്കാരിന് പിന്‍വലിക്കേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here