mp-train-derail.jpg.image.784.410

ഭോപ്പാൽ∙ മധ്യപ്രദേശിലെ മചക് നദിയിലേക്ക് ഇന്നലെ അർധരാത്രിയോടെ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റി 29 പേർ മരിച്ചു. 25 പേർക്കു പരുക്കേറ്റു. 300ൽ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരിൽ 13 പുരുഷൻമാരും 11 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. മധ്യപ്രദേശിലെ ഖിർക്യ, ഹർദ സ്റ്റേഷനുകൾക്കിടയിലാണ് അപകടം. അപകടത്തെക്കുറിച്ചു അന്വേഷിക്കാൻ ഉത്തരവിട്ടതായി റയിൽവേമന്ത്രി സുരേഷ് പ്രഭു പാർലമെന്റിനെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ആശ്വാസധനം പ്രഖ്യാപിച്ചു. സഹായധനം ഉടൻ തന്നെ നൽകുമെന്ന് റയിൽവേമന്ത്രി സുരേഷ് പ്രഭു ട്വിറ്ററിൽ അറിയിച്ചു.

മുംബൈയിൽനിന്ന് വരാണാസിയിലേക്കു പോവുകയായിരുന്ന കാമയാനി എക്സ്പ്രസാണ് ആദ്യം പാളം തെറ്റി മചക് നദിയിലേക്കു മറിഞ്ഞത്. ഈ ട്രെയിനിന്റെ പത്തു ബോഗികളാണ് വെള്ളത്തിലേക്കു വീണത്. ജബൽപൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജനതാ എക്സ്പ്രസും ഇതേസ്ഥലത്ത് പാളം തെറ്റി. ഈ ട്രെയിനിന്റെ എൻജിനും ഏഴു ബോഗികളുമാണ് പാളംതെറ്റി നദിയിൽ വീണത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാമത്തെ ട്രെയിനും ഇതേ സ്ഥലത്ത് പാളം തെറ്റിയത്. കൊല്ലപ്പെട്ടവരിൽ ജനതാ എക്സ്പ്രസിലെ 11 പേരും കാമയാനി എക്സ്പ്രസിലെ ഒരാളെയും തിരിച്ചറിഞ്ഞു. ബാക്കിയുള്ളവർ ഗ്രാമവാസികളാണോ മറ്റാരെങ്കിലുമാണോ എന്നു വ്യക്തമായിട്ടില്ല.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 160 കിലോമീറ്റർ അകലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടർന്നു പാളം തകർന്നതാണ് അപകടകാരണമെന്ന് റയിൽവേ വക്താവ് അനിൽ സക്സേന അറിയിച്ചു. അപകടത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി സെൻട്രൽ സോൺ റയിൽവേ സേഫ്റ്റി കമ്മിഷണർ അറിയിച്ചു. അപകടം നടക്കുന്നതിനു പത്തുമിനിറ്റ് മുൻപും ഇതുവഴി ട്രെയിൻ ഗതാഗതം നടന്നിരുന്നു. അന്നേരം പാളത്തിനു കുഴപ്പമില്ലായിരുന്നു. ഇതു പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണെന്നാണ് അനുമാനം. ഇതാകാം പാളം തകർത്തത്, റയിൽവേ ബോർഡ് ചെയർമാൻ എ.കെ. മിത്തൽ അറിയിച്ചു

നദിയിൽ വീണ ട്രെയിനിന്റെ ബോഗികൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടമുണ്ടായി ആദ്യമണിക്കൂറുകളിൽ തന്നെ മുന്നൂറിലേറെപ്പേരെ രക്ഷപ്പെടുത്തിയിരുന്നു. കനത്ത ഇരുട്ടിനെ തുടർന്ന എമർജൻസി ലൈറ്റുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ജലനിരപ്പ് അപകടകരമായ വിധം ഉയർന്നു കിടക്കുന്ന നദിയിൽ അനേകം പേർ ഒഴുകിപ്പോയതായി കരുതുന്നു. രക്ഷപെട്ടവരെയും ട്രെയിനെ മറ്റു ബോഗികളിലുള്ളവരെയും അടുത്തുള്ള സ്റ്റേഷനിലെത്തിച്ചു.

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് റയിൽവെ ഹെൽപ്‌ലൈൻ തുറന്നു.ഭോപ്പാൽ: 07554001609, ഹാർദ: 9752460088, ബിന: 07580222052, ഇറ്റാർസി: 07572241920, കല്യാൺ: 02512311499, മുംബൈ: 02225280005.

mp-train-derail-2.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here