
മാരാമൺ: ഒരു ലക്ഷംപേർക്ക് ഇരിക്കാവുന്ന മാരാമൺ കൺവെൻഷൻ പന്തൽ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. “നിൻറെ വചനം എൻറെ കാലിന് ദീപവും എൻറെ പാതയ്ക്ക് പ്രകാശവും” എന്ന തിരുവചനത്തിൽ പ്രകാശം തേടി പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകാംഗങ്ങൾ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
ഇടവക വികാരി റവ. ഡാനിയേൽ വർഗീസ്, സഹവികാരി റവ. പ്രതീഷ് പി മാത്യു, മുൻ സുവിശേഷ സംഘം ജനറൽ സെക്രട്ടറി റവ. ജോർജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഓലമേച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അഭിവന്ദ്യ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയും നിർമ്മാണ പുരോഗതി നിരീക്ഷിച്ചു.
പന്തൽ നിർമ്മാണത്തിൽ ഇടവക മിഷൻ, സേവികാസംഘം, യുവജന സഖ്യം, സൺഡേ സ്കൂൾ കുട്ടികൾ എന്നിവർ സജീവമായി പങ്കുചേർന്നു. സ്ത്രീകളും കുട്ടികളും ബസ്ക്യാമമാരുമെല്ലാം നിർമാണ സംഘത്തെ സഹായിച്ചു.
സേവനത്തിനുശേഷം സെഹിയോൻ സേവികാസംഘം ഒരുക്കിയ കപ്പ, ചേമ്പ്, ഏത്തക്ക, മീൻകറി, കാന്താരിമുളക് ചമ്മന്തി എന്നിവയുള്ള വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ 130-ലധികം അംഗങ്ങൾ ദൈവത്തിന് നന്ദി അർപ്പിച്ചു. ഫെബ്രുവരി 9ന് കൺവെൻഷൻ ആരംഭിക്കും.