സ്വീഡനിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു

സ്റ്റോക്ക്ഹോം: സെൻട്രൽ സ്വീഡനിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ തോക്കുധാരിയെന്ന് സംശയിക്കുന്നയാളടക്കം 11 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
സ്റ്റോക്ക്ഹോമിന് 200 കിലോമീറ്റർ പടിഞ്ഞാറുള്ള ഒറെബ്രോയിലെ റിസ്ബെർഗ്സ്ക സ്കൂളിലാണ് ചൊവ്വാഴ്ച ഈ ആക്രമണം നടന്നത്. സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും മോശം വെടിവെപ്പായി പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ ഇതിനെ വിശേഷിപ്പിച്ചു.
പോലീസിന്റെ റിപ്പോർട്ട് പ്രകാരം പ്രതി ഒറ്റയ്ക്ക് പ്രവർത്തിച്ചതായിരിക്കാമെന്നും ഉദ്ദേശം ഇതുവരെ വ്യക്തമല്ലെന്നും അവർ അറിയിച്ചു. എന്നാൽ “പ്രത്യയശാസ്ത്രപരമായ എന്തെങ്കിലും കാരണമാകാമെന്ന സാധ്യത തള്ളിക്കളയില്ല” എന്ന് അധികൃതർ വ്യക്തമാക്കി.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഇതുവരെ വ്യക്തമല്ല.