
പാരിസ്: എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്ത്യയിലേക്ക് അവിശ്വസനീയമായ അവസരങ്ങൾ കൊണ്ടുവരുമെന്നും, രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ച വേഗത്തിലാക്കാൻ ഗൂഗിൾ ഇന്ത്യയുമായി കൂടുതൽ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, വ്യാവസായിക സഹകരണത്തിനും നവീകരണത്തിനും ഈ ഫോറം പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. ഗൂഗിൾ 7500 കോടി ഡോളർ (USD 7.5 billion) എഐ വികസനത്തിനായി നിക്ഷേപിക്കുമെന്നും പിച്ചൈ അറിയിച്ചു.AIയുടെ വളർച്ചയ്ക്കായി നവീകരണം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ മേഖലയിലെ എഐ സമന്വയം, ഉത്തരവാദിത്വത്തോടെ മുന്നേറ്റം എന്നീ നാല് ഘടകങ്ങൾ അനിവാര്യമാണെന്ന് അൽഫബെറ്റ് സിഇഒ കൂടിയായ പിച്ചൈ ചൂണ്ടിക്കാട്ടി.അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി മോദി AI ആക്ഷൻ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ആഗോള തലത്തിലെ നയരൂപീകരണവിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്ത ഈ ഉച്ചകോടി ഇന്ത്യ-ഫ്രാൻസ് സാങ്കേതിക സഹകരണത്തിനും നവീകരണ മേഖലകളിലെ കൂട്ടായ പ്രവർത്തനത്തിനും ശക്തമായ അടിത്തറയിട്ടു.