
കൊച്ചി: ഫെബ്രുവരി 10ന് അന്തരിച്ച കയർ ബോർഡ് ജീവനക്കാരി ജോളി മധു (56) യുടെ സംസ്‌കാരം ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 11:00 മണിക്ക് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ നടത്തും.ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ചീഫ് സെക്രട്ടറിക്ക് പരാതി നൽകി, കയർ ബോർഡ് ഓഫിസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിനാൽ പ്രതികാരനടപടി ഏറ്റുവാങ്ങേണ്ടി വന്നതായി കുടുംബം ആരോപിക്കുന്നു.30 വർഷത്തെ സേവനാനുഭവമുള്ള ജോളി എറണാകുളം ഓഫീസിൽ ജോലി ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിനിരയായെന്നു കാട്ടി രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാർ തുടങ്ങിയവർക്കും പരാതി അയച്ചിരുന്നുവെന്നാണ് ആരോപണം.കാൻസർ അതിജീവിതയുമായിരുന്ന ജോളി, പ്രമോഷൻ തടഞ്ഞതും അസുഖത്തേകുറിച്ച് അറിഞ്ഞിട്ടും ആന്ധ്രയിലെ രാജമുണ്ട്രിയിലേക്കു സ്ഥലംമാറ്റം നടത്തിയത്, അഞ്ചു മാസത്തെ ശമ്പളം പിടിച്ചുവച്ചത് തുടങ്ങിയ നടപടികൾ നേരിട്ടതായി കുടുംബം പറയുന്നു.ജനുവരി 31ന് തലയിൽ രക്തസ്രാവം സംഭവിച്ച ജോളിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അഴിമതിക്കെതിരെ പ്രതികരിച്ചതിനാൽ ഇതൊക്കെ ഉണ്ടായതാണെന്നു കുടുംബം ആരോപിക്കുന്നു. എന്നാൽ സ്ഥലംമാറ്റം ഭരണപരമായ ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്ന് കയർ ബോർഡ് വിശദീകരിച്ചു.