പ്രഖ്യാത ബയോകെമിസ്ട്രി ശാസ്ത്രജ്ഞൻ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ബയോകെമിസ്ട്രി ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു ഡോ. മാധവ ഭട്ടതിരി (97) അന്തരിച്ചു. തിരുവനന്തപുരത്ത് അദ്ദേഹം ഏറെക്കാലമായി താമസിച്ചിരുന്നതാണ്.1985-ലെ കെമിസ്ട്രി നൊബേൽ സമ്മാനജേതാവിനെ നിശ്ചയിക്കാനുള്ള അഞ്ചംഗ ജൂറിയിൽ അംഗമായിരുന്നു. ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ജനിച്ച ഭട്ടതിരി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദം നേടി. നാഗ്പുർ സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം, പ്രമേഹ ഗവേഷണത്തിൽ പിഎച്ച്.ഡി. നേടി.അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ അധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചു. ഇൻസുലിൻ കണ്ടെത്തിയ ഫ്രെഡറിക് ബാന്റിങ്, ചാൾസ് എച്ച്. ബെസ്റ്റ് തുടങ്ങിയ നൊബേൽ ജേതാക്കളോടൊപ്പം പ്രവർത്തിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ആജീവാനന്ത അംഗവുമായിരുന്നു.ഭാര്യ മാലതി ഭട്ടതിരി. മക്കൾ: മാധുരി, ഡോ. മനു, ഡോ. മാലിനി. മരുമക്കൾ: ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4-ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.