മലയാളി മാനേജർ ചൂഷണം: യുകെയിൽ കെയർഹോം തട്ടിപ്പിൽ അറസ്റ്റ്

ലണ്ടൻ: കുറഞ്ഞ ശമ്പളം നൽകി ജീവനക്കാരെ ചൂഷണം ചെയ്ത സംഭവത്തിൽ മലയാളിയായ കെയർഹോം മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കെയർഹോം മേഖലയിലെ അനിയന്ത്രിതമായ ചൂഷണത്തിനെതിരെ പ്രവർത്തിക്കുന്ന അനീഷ് ഏബ്രഹാം എന്ന സാമൂഹ്യ പ്രവർത്തകനാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.മലയാളിയായ ഒരു കെയറർക്ക് നാലാഴ്ചക്കാലത്തേക്ക് വെറും £350 (ഏകദേശം 37,000 രൂപ) മാത്രമേ ശമ്പളമായി ലഭിച്ചിരുന്നുള്ളു. ഇതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാൽ, കൂടുതൽ അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതുവരെ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.യുകെയിൽ കെയറർ വീസയിൽ എത്തുന്നവരിൽ പലരും 10-20 ലക്ഷം രൂപ വരെ ചെലവഴിക്കേണ്ടി വരുന്നത് ഗാർഡിയൻ പത്രം നടത്തിയ സർവേ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. അതേസമയം, കുറഞ്ഞ ശമ്പളവും മോശം താമസസൗകര്യവുമാണ് ഇവർക്ക് ലഭിക്കുന്നതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.അറസ്റ്റിലായ മാനേജർ ജോലി ചെയ്ത കെയർഹോം ലേണിങ് ഡിസബിലിറ്റി ഉള്ള കുട്ടികളെ പരിചരിക്കുന്ന സ്ഥാപനമായിരുന്നു. മലയാളി ജീവനക്കാരൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഇംഗ്ലീഷ് സ്വദേശികളായ ചില ജീവനക്കാർ വളരെ കുറഞ്ഞ ശമ്പളം കാരണം രാജിവെച്ചതായും സൂചനയുണ്ട്.