66 മണിക്കൂർ ദുരിതയാത്ര; വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തി

അമൃത്‌സർ: അനധികൃത കുടിയേറ്റക്കേസിൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 250ൽ അധികം ഇന്ത്യക്കാർ ഇന്നു വീണ്ടും തിരിച്ചെത്തി. ശനിയാഴ്ച രാത്രിയിലായിരുന്നു ഇവർ അമൃത്‌സർ വിമാനത്താവളത്തിൽ എത്തിയത്. ഇവരിൽ രണ്ടു പേർ കൊലക്കേസ് പ്രതികളാണെന്നും പട്യാലയിലെ രാജ്പുര പോലീസ് ഇവരെ ഉടൻ അറസ്റ്റുചെയ്തുവെന്നുമാണ് റിപ്പോർട്ട്.നാടുകടത്തലിനിടെ കയ്യിലും കാലിലും വിലങ്ങണിയിച്ച് കൊണ്ടുവന്നത് രാജ്യത്ത് വീണ്ടും വലിയ വിവാദമാകുന്നു. 66 മണിക്കൂർ നീണ്ട യാത്ര തികഞ്ഞ ദുരിതമായിരുന്നുവെന്ന് ചിലർ അറിയിച്ചു. വളരെ കുറച്ച് ഭക്ഷണമാത്രം ലഭിച്ചതിനാൽ ചിലർ ശാരീരികമായും മാനസികമായും തകർന്ന നിലയിലായിരുന്നു. ചിലർ 15 ദിവസമായി കുളിക്കാനോ പല്ലുതേക്കാനോ പോലും സാധിച്ചില്ല.നടപടിയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും യുഎസ് അതിൽ യാതൊരു മാറ്റവും വരുത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും ഇതേ അവസ്ഥ തുടരുകയാണ്.