കോട്ടയത്ത് ഇസ്രയേലി സ്വദേശി സാറ്റലൈറ്റ് ഫോണുമായി പിടിയിൽ; എൻഐഎയും ഇന്റലിജൻസും ചോദ്യം ചെയ്തു

കോട്ടയം ∙ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ കോട്ടയത്ത് ഇസ്രയേലി സ്വദേശി ഡേവിഡ്എലി ലിസ് ബോണ (75) പിടിയിലായി. ഇസ്രയേലിൽ നിന്നെത്തിയ ഇയാൾ കുമരകത്ത് താമസിച്ച ശേഷം തേക്കടിയിലേക്ക് പോകുന്നതിനിടെയായിരുന്നു ഫോൺ ഉപയോഗം.ഇന്റലിജൻസ് വിഭാഗം നടത്തിയ നിരീക്ഷണത്തിൽ സാറ്റലൈറ്റ് ഫോൺ സിഗ്നൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇടപെടലുണ്ടായി. മുണ്ടക്കയത്ത് വെച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം സാറ്റലൈറ്റ് ഫോൺ കണ്ടെത്തി, ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.പിന്നീട് എൻഐഎ, ഇന്റലിജൻസ് വിഭാഗം, പൊലീസ് എന്നിവർ ചേർന്ന് വിശദമായ ചോദ്യം ചെയ്യൽ നടത്തി. ഇയാൾ ഫോണിന്റെ ഉപയോഗം സംബന്ധിച്ച വിശദീകരണം നൽകിയെങ്കിലും, ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നത് അനുമതിയില്ലാത്തതിനാൽ ഫോണിനെതിരെ നിയമ നടപടികൾ സ്വീകരിച്ചു.ആവശ്യമായ പരിശോധനകൾക്കുശേഷം നിയമ നടപടികൾ പൂർത്തിയാക്കി ഇയാളെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.