ബോഡിബിൽഡർ കായികക്ഷമതാ പരീക്ഷയിൽ പരാജയം; നിയമനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: ബോഡിബിൽഡിംഗ് താരങ്ങളെ പൊലീസ് ഇൻസ്‌പെക്ടർമാരായി നിയമിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭാ ശുപാർശ ലഭിച്ച കണ്ണൂർ സ്വദേശി ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതോടെ നിയമനം അനിശ്ചിതത്വത്തിലായി.പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ ഇന്ന് രാവിലെ നടന്ന പരീക്ഷയിൽ 100 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, 1500 മീറ്റർ ഓട്ടം എന്നിവയിൽ ഷിനു യോഗ്യത നേടാൻ കഴിഞ്ഞില്ല. കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കേണ്ടിയിരുന്ന കൊച്ചി സ്വദേശി ചിത്തരേഷ് നടേശൻ പരീക്ഷയിൽ ഹാജരായിരുന്നുമില്ല.രാജ്യാന്തര ബോഡിബിൽഡിംഗ് ചാംപ്യൻഷിപ്പുകളിൽ വിജയം നേടിയ ഷിനുവിനെയും ചിത്തരേഷിനെയും ആംഡ് പൊലീസ് ഇൻസ്‌പെക്ടർമാരാക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദമായത്. അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങൾ ഉൾപ്പെടെ സ്പോർട്സ് ക്വോട്ട വഴി സർക്കാർ ജോലിക്കായി കാത്തിരിക്കുമ്പോൾ, ബോഡിബിൽഡർമാരെ നിയമിക്കാൻ തീരുമാനിച്ചത് പിന്‍വാതിൽ നിയമനമെന്നു വിമർശനം ഉയർന്നിരുന്നു.സാധാരണയായി ബോഡിബിൽഡിംഗ് സംസ്ഥാന സർക്കാർ സ്പോർട്സ് ക്വോട്ട നിയമന പരിധിയിൽപ്പെടുന്നില്ല. എന്നിരുന്നാലും, രാജ്യാന്തര നേട്ടങ്ങൾ പരിഗണിച്ച് പ്രത്യേക കേസായി ചർച്ച ചെയ്യാമെന്ന ന്യായത്തിലായിരുന്നു മന്ത്രിസഭാ തീരുമാനം. ആദ്യം ഇവരെ നിയമിക്കാൻ വ്യവസ്ഥയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന ആഭ്യന്തര വകുപ്പ്, മന്ത്രിസഭ നിർദ്ദേശം നൽകിയതോടെ ചട്ടങ്ങളിൽ ഇളവു വരുത്തി നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എന്നാൽ കായികക്ഷമതാ പരീക്ഷയിലെ പരാജയം നിയമനത്തിന് കടുത്ത വെല്ലുവിളിയാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.