യുഎസ്എഐഡി 90% വിദേശ കരാറുകള്‍ റദ്ദാക്കുന്നു; 6000 കോടി ഡോളറിന്റെ സഹായം ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ലോകമെമ്പാടും യുഎസ് നല്‍കുന്ന 6000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഇല്ലാതാകാന്‍ സാധ്യത. വിദേശരാജ്യങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ധനസഹായം നല്‍കുന്ന യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് (യുഎസ്എഐഡി) 90% വിദേശ കരാറുകള്‍ റദ്ദാക്കുന്നു.ഈ തീരുമാനം എബോള, എച്ച്‌ഐവി പ്രതിരോധത്തിനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നല്‍കിയിരുന്ന സഹായം ഉള്‍പ്പെടെ ബാധിക്കും. സുഡാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷിക്കാനുള്ള പരിചരണം നല്‍കുന്ന പദ്ധതികളും നിര്‍ത്തലാക്കും. ഇതിന്റെ ഭാഗമായുള്ള ഔദ്യോഗിക നോട്ടീസുകള്‍ വ്യാഴാഴ്ചയോടെ വിതരണം ചെയ്തു.അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ ആശങ്കകള്‍ തള്ളി. ജീവന്‍ രക്ഷാ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും വിദേശസഹായം പൂര്‍ണമായും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.