
ന്യൂഡൽഹി: യുഎസിൽ വാഹനാപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിൻഡെയുടെ കുടുംബത്തിന് അടിയന്തര വീസ അനുവദിച്ച് യുഎസ് എംബസി. മകളെ കാണുന്നതിനും പരിചരിക്കുന്നതിനുമായി യുഎസിലേക്ക് പോകാൻ ശ്രമിച്ചിരുന്ന കുടുംബത്തിന്റെ അഭ്യർത്ഥനയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് യുഎസ് അനുകൂല തീരുമാനം എടുത്തത്.35 കാരിയായ നീലം ഷിൻഡെ ഫെബ്രുവരി 14-നാണ് കാലിഫോർണിയയിൽ അപകടത്തിലായത്. മഹാരാഷ്ട്രയിലെ സതാര സ്വദേശിനിയായ നീലത്തിന്റെ കുടുംബം അന്നുമുതൽ യുഎസ് വീസയ്ക്ക് ശ്രമിച്ചിരുന്നു. ഒടുവിൽ, കേന്ദ്ര സർക്കാർ ഇടപെട്ടതോടെ വിസാ നടപടികൾ വേഗത്തിലാക്കുകയും കുടുംബത്തിന് ഉടൻ യാത്രയ്ക്കുള്ള അനുമതി ലഭിക്കുകയും ചെയ്തു.വിസാ അഭിമുഖം വളരെ സുഗമമായിരുന്നുവെന്ന് നീലത്തിന്റെ ബന്ധു ഗൗരവ് പറഞ്ഞു. “വീസയുടെ അച്ചടിച്ച പകർപ്പ് പോലും ഞങ്ങൾക്ക് ലഭിച്ചു. അടുത്ത വിമാനത്തിൽ ഞങ്ങൾ യുഎസിലേക്ക് പോകും. സഹകരിച്ച മുഴുവൻ ഉദ്യോഗസ്ഥരോടും നേതാക്കളോടും നന്ദിയുണ്ട്,” അദ്ദേഹം വ്യക്തമാക്കി.അതേസമയം, യുഎസിലേക്കുള്ള യാത്രക്കായി 6 ലക്ഷം രൂപയോളം വായ്പ എടുക്കേണ്ടതുണ്ടെന്നും, സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കിൽ അതുപകരപ്രദമാകുമെന്നും ഗൗരവ് കൂട്ടിച്ചേർത്തു. നീലത്തിന്റെ ആശുപത്രി ചെലവുകൾ എത്രയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയായിരുന്ന നീലം ഷിൻഡെയെ കാറിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ടു കൈകളും കാലുകളും ഒടിഞ്ഞ നിലയിൽ ഗുരുതരമായി പരിക്കേറ്റ നീലത്തിന് അടിയന്തര തലച്ചോറ് ശസ്ത്രക്രിയയും നിർബന്ധമായിരുന്നു. അപകടം നടന്ന രണ്ടുദിവസങ്ങൾക്കുശേഷമാണ് കുടുംബത്തിന് വിവരം ലഭിച്ചത്.കുടുംബം യുഎസ് എംബസിയിൽ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ അടുത്ത വർഷത്തിലേക്കായിരുന്നു അഭിമുഖത്തിന് തീയതി ലഭിച്ചത്. ഇതിനെ തുടർന്ന് അവർ മാധ്യമങ്ങളോടും രാഷ്ട്രീയ നേതാക്കളോടും ആശങ്ക പങ്കുവെക്കുകയായിരുന്നു. എൻസിപി നേതാവ് സുപ്രിയ സുലെ വിഷയത്തിൽ ഇടപെട്ടതോടെയാണ് വിദേശകാര്യ മന്ത്രാലയം (എംഇഎ) വിഷയത്തിൽ ഇടപെടുകയും വിസാ നടപടികൾ വേഗത്തിലാക്കുകയും ചെയ്തത്.