S90 ക്ലബ് ഓഫ് ചിക്കാഗോ: നവനേതൃത്വ സ്ഥാനമേറ്റവും വാലൻറൈൻസ് ഡേ ആഘോഷവും വർണോജ്വലമായി

ചിക്കാഗോ, ഫെബ്രുവരി 23 – മൂന്നാം വർഷത്തിലേക്ക് കടക്കുന്ന S90 ക്ലബ് ഓഫ് ചിക്കാഗോയുടെ നവനേതൃത്വ സ്ഥാനമേറ്റെടുക്കലും വാലൻറൈൻസ് ഡേ ആഘോഷവും വലിയ ആഘോഷമായി. ഞായറാഴ്ച വൈകുന്നേരം ചിക്കാഗോ ക്നാനായ കമ്യൂണിറ്റി സെൻററിൽ വച്ച് നടത്തിയ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.തെന്നിന്ത്യയിലെ പ്രശസ്ത ഗായകൻ ശ്രീ വിജയ് യേശുദാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബിന്റെ പ്രസിഡൻ്റ് ജിബിറ്റ് കിഴക്കേക്കുറ്റ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഈ സംഗീത സായാഹ്നം പങ്കെടുത്ത എല്ലാ ആളുകൾക്കും ഒരു മനോഹര അനുഭവമായി മാറി.1990 നും 1999 നും മദ്ധ്യേ ജനിച്ച ഒരു കൂട്ടം യുവ മലയാളികൾ ചേർന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് S90 ക്ലബ് ഓഫ് ചിക്കാഗോ. നാട്ടിലും അമേരിക്കയിലും ചാരിറ്റി പ്രവർത്തനങ്ങൾ, കുടുംബ-സുഹൃത്ത് സംഗമങ്ങൾ, കമ്മ്യൂണിറ്റി ഇവൻ്റുകൾ എന്നിവ ക്ലബ്ബ് നടത്തിവരുന്നു.ചടങ്ങിനോടനുബന്ധിച്ച് അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റു. കൂടാതെ, പുതിയതായി മൂന്ന് വനിതാ കോഓർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു. വിജയ് യേശുദാസ് തന്റെ 25 വർഷത്തെ സംഗീത യാത്രയുടെ ഓർമ്മകൾ പങ്കുവച്ച്, നിരവധി മനോഹരഗാനങ്ങൾ ആലപിച്ച് ഈ സായാഹ്നത്തെ അവിസ്മരണീയമാക്കി.