ട്രംപിന്റെ ഉത്തരവ്: യുക്രെയ്നിലേക്കുള്ള സൈനിക സഹായം താത്കാലികമായി നിർത്തി

വാഷിംഗ്ടൺ: യുക്രെയ്നിലേക്കുള്ള യുഎസ് സൈനിക സഹായം താത്കാലികമായി നിർത്താനുള്ള ഉത്തരവ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഓവൽ ഓഫീസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടി. റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണമെന്നുള്ള ലക്ഷ്യത്തോടെ യുക്രെയ്ന് മേൽ സമ്മർദ്ദം ചെലുത്തുകയെന്നതായാണ് ട്രംപിന്റെ നീക്കത്തിന് പിന്നിലെ കാരണം. യു.എസ്. സൈനിക ഉപകരണങ്ങൾ, വ്യോമമാർഗമോ കടൽമാർഗമോ വഴി കൈമാറുന്ന ആയുധങ്ങൾ, പോളണ്ടിലെ ട്രാൻസിറ്റ് ഏരിയകളിൽ സൂക്ഷിച്ചിരിക്കുന്ന സാമഗ്രികൾ എന്നിവയുടെ വിതരണവും താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, സെലെൻസ്കി യുദ്ധം അവസാനിപ്പിക്കാനുള്ള താത്പര്യം കാണിക്കണമെന്നും യുഎസ് പിന്തുണയ്ക്ക് യുക്രെയ്ൻ നന്ദിയില്ലെന്ന വിമർശനം നേരത്തെ തന്നെ ട്രംപ് ഉന്നയിച്ചതായും അറിയിക്കുന്നു. കൂടാതെ, “സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത നേതാക്കള്‍ അധികകാലം നിലനില്‍ക്കില്ല” എന്ന നിലപാടും ട്രംപ് വ്യക്തമാക്കി.യുക്രെയ്ൻ പ്രതിനിധി സംഘത്തെ വൈറ്റ് ഹൗസിൽ നിന്ന് പെട്ടെന്ന് തന്നെ സ്ഥലം വിടാൻ ആവശ്യപ്പെട്ടതും വിവാദങ്ങൾക്ക് കാരണമായിരുന്നു. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, ട്രംപ് സഖ്യകക്ഷികൾ എന്നിവരും സെലെൻസ്കിയേലും സമ്മർദ്ദം ചെലുത്തി, “യുക്രെയ്ൻ ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് സഹകരിക്കണമെങ്കിൽ, പുതിയ നേതൃത്വം കണ്ടെത്തേണ്ടതുണ്ടാകുമെന്നും” അഭിപ്രായപ്പെട്ടു.യുക്രെയ്ന് സഹായം നിര്‍ത്തിയതിന് പിന്നാലെ, റഷ്യയുമായി യുക്രെയ്ന് എന്ത് നടപടിയെടുക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്. യുഎസ്-യുക്രെയ്ൻ ബന്ധം ഇതോടെ കൂടുതൽ വഷളാവുമോ എന്ന അന്വേഷണത്തിലുമാണ് ലോക രാഷ്ട്രങ്ങൾ.