ഇന്ത്യക്ക് ട്രംപിൻ്റെ എട്ടിൻ്റെ പണി: ഏപ്രിൽ 2 മുതൽ 100% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തും

വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് 100% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ഇന്ത്യ യുഎസ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ചുങ്കം എത്രയാണോ അതേ നിരക്കിൽ തന്നെ യുഎസും ചുങ്കം ഈടാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 2 മുതൽ ഈ നടപടികൾ പ്രാബല്യത്തിൽ വരും.അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, തെക്കൻ കൊറിയ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയ്ക്കും സമാനമായ നിലപാടുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. നേരത്തെ കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേതിരേ താരിഫ് ഏർപ്പെടുത്തിയതിന്റെ ശരിവെപ്പുമായാണ് ട്രംപ് പ്രസംഗിച്ചത്.അധ്യക്ഷസ്ഥാനത്തേക്ക് തിരികെ എത്തിയ ശേഷം ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. “ഭൂമിയിലെ എല്ലാ രാജ്യങ്ങളും യുഎസിനെ പതിറ്റാണ്ടുകളായി ചൂഷണം ചെയ്യുകയാണ്, ഇനി അത് അനുവദിക്കാനാകില്ല” എന്ന് ട്രംപ് വ്യക്തമാക്കി.ഇറക്കുമതി ചുങ്കം ഉയർത്തുന്നതിലൂടെ ട്രില്യൺ കണക്കിന് ഡോളർ സമാഹരിക്കുകയും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നടപടികൾ അമേരിക്കൻ തൊഴിലവസരങ്ങൾ സംരക്ഷിക്കാനും രാജ്യത്തിന്റെ ആത്മാവിനെ പരിപാലിക്കാനുമാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു. “അല്പം അസ്വസ്ഥതകൾ ഉണ്ടാകും, പക്ഷേ അതിൽ കുഴപ്പമില്ല. അതിന്റെ പ്രയോജനം വളരെ വലുതായിരിക്കും” എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.അമേരിക്കയിലെ നികുതി ഇളവുകൾ സംബന്ധിച്ചും ട്രംപ് പുതിയ പ്രഖ്യാപനങ്ങൾ നടത്തി. പ്രസംഗ വേളയിൽ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ ഫസ്റ്റ് ലേഡി മെലാനിയ ട്രംപും വ്യവസായപതിയായ ഇലോൺ മസ്കും ഗാലറിയിൽ സന്നിഹിതരായിരുന്നു. അതേസമയം, ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി റിപ്പബ്ളിക്കൻ വനിതാ നേതാക്കൾ എല്ലാം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് യോഗത്തിൽ പങ്കെടുത്തു. റിപ്പബ്ളിക്കൻ നേതാക്കളിൽ പലരും പ്രതിഷേധ പ്ളക്കാർഡുകൾ കൈയ്യിൽ പിടിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.