
ചെന്നൈ: സുപ്രീംകോടതി മുന്‍ ജഡ്ജി വി. രാമസ്വാമി ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയെന്ന പ്രത്യേകത അദ്ദേഹത്തിനുണ്ട്.1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്ന രാമസ്വാമി, 1987ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തിന് ഇരയായതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 1993ല്‍ ഇംപീച്ച്‌മെന്റ് നടപടിയിലേക്ക് കടന്നത്.തുടര്‍ന്ന്, രാമസ്വാമി കുറ്റക്കാരനാണെന്ന് തെളിഞ്ഞെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയും സഖ്യകക്ഷികളും ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രമേയം പാസാകാതെ പോയി.1953 ജൂലൈ 13ന് അഭിഭാഷകനായി കരിയര്‍ ആരംഭിച്ച അദ്ദേഹം, 1962ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969ല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. 1971ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1929 ഫെബ്രുവരി 15ന് ജനിച്ച രാമസ്വാമി, മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.