AmericaFeaturedIndiaLatest NewsLifeStyleNewsPoliticsTech

ഇന്ത്യയ്ക്ക് മേൽ അമേരിക്ക അധിക തീരുവ ചുമത്തിയിട്ടില്ല: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഇതുവരെ പരസ്പര തീരുവ ഉൾപ്പെടെയുള്ള പ്രത്യേക തീരുവ ചുമത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ മുന്നോട്ടുവച്ച രേഖാമൂലമായ മറുപടിയിൽ വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ് ഇതുസംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയപ്പോൾ, സ്റ്റീൽ, അലുമിനിയം എന്നിവയുൾപ്പെടെയുള്ള ഇറക്കുമതികൾക്ക് യുഎസ് യാതൊരു ഇളവുമില്ലാതെ അധിക തീരുവ ചുമത്തിയതായി അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ തീരുവ നയങ്ങൾക്കുണ്ടായ മാറ്റത്തിന്റെ ആഘാതം സൂക്ഷ്മമായി വിലയിരുത്തുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. സിപിഎം എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആണ് സർക്കാർ ഈ വിശദീകരണം നൽകിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ വർദ്ധനവിനെ ചൊല്ലിയുള്ള ആഗോള വ്യാപാര പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് പുറത്ത് വരുന്നത്.

“ഇന്ത്യയ്‌ക്കെതിരെ പ്രത്യേക രാജ്യാധിഷ്ഠിത തീരുവ ഒന്നും ചുമത്തിയിട്ടില്ല. എന്നാൽ, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കായുള്ള അധിക തീരുവ ബാധകമാണ്. നിലവിലെ ഈ തീരുവകളുടെ വിപരിത സ്വാധീനം സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു,” മന്ത്രി വ്യക്തമാക്കി.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യൻ വിപണിയിൽ സ്വതന്ത്രമായ വ്യാപാരം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 13-ന് ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഈ പ്രതിബദ്ധത വീണ്ടും സ്ഥിരീകരിച്ചിരുന്നു. 2030ഓടെ ഇരുരാജ്യങ്ങളുടെയും വ്യാപാരം 500 ബില്യൺ ഡോളറിലധികം ആക്കാൻ ലക്ഷ്യമിടുന്ന “മിഷൻ 500” പദ്ധതിയിലേക്കും ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യത്യസ്ത മേഖലകളിലൂടെയുളള വ്യാപാരബന്ധം കൂടുതൽ ആഴത്തിലാക്കാനും, വിപണി പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും, ഉഭയകക്ഷി വ്യാപാര കരാർ രൂപപ്പെടുത്താനും ശ്രമങ്ങൾ തുടരുകയാണ്. വിപണി പ്രവേശനം വർദ്ധിപ്പിക്കുക, താരിഫ് നിയന്ത്രണങ്ങൾ കുറയ്ക്കുക, വിതരണ ശൃംഖല സംയോജനം ശക്തിപ്പെടുത്തുക, പ്രധാന വ്യാപാര പ്രശ്നങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളിൽ കൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ലക്ഷ്യം.

അമേരിക്ക ഇന്ത്യയെ നിരന്തരം ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നായി പരാമർശിക്കുമ്പോഴും, ഇന്ത്യയുമായി വളരെ നല്ല ബന്ധം നിലനിൽക്കുന്നുവെന്നതാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നത്. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏപ്രിൽ 2 മുതൽ തീരുവ വർദ്ധിപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Show More

Related Articles

Back to top button