AmericaCommunityHealthKeralaLatest NewsLifeStyleNews

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ ജീവകാരുണ്യ സംരംഭം ‘ഹാബെബ്’ ആരംഭിച്ചു

ഡാലസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘ഹാബെബ്’ എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതി, വിശക്കുന്നവർക്ക് ആഹാരം നൽകുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെയാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. “ഈ എളിയവനിലൊരുവന് നിങ്ങൾ ചെയ്യുന്നതെന്തും എനിക്കായി ചെയ്യുന്നതാകുന്നു” എന്ന യേശുക്രിസ്തുവിന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. 2025 മാർച്ച് 23-ന് പരിശുദ്ധ കുർബാനയ്ക്കു ശേഷം ഭദ്രാസനാധിപൻ യൽദൊ മാർ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടന്നത്.

കേരളത്തിലെ അശരണർ, രോഗികൾ, ആലംബഹീനർ തുടങ്ങിയവർക്ക് മാസത്തിൽ ഒരു നേരത്തെ ഭക്ഷണം നൽകുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവാഹ വാർഷികം, ജന്മദിനം, പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനങ്ങൾ, മറ്റു വിശേഷ ദിവസങ്ങൾ എന്നിവയെ ആസ്പദമാക്കി സഹൃദയരായ ആളുകൾ നൽകുന്ന സംഭാവനകളിലൂടെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘാടകരുടെ ആഗ്രഹം. ഇതുവഴി സഹായം ആവശ്യമുള്ളവരുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താനാകുമെന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

ആതുര സേവന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ പ്രഭാവം ചെലുത്തുന്നതാണെന്നും വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നത് ക്രൈസ്തവ ധർമ്മമാണെന്നും ഭദ്രാസനാധിപൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. വികാരി ഫാ. ബേസിൽ അബ്രാഹാം, അസ്സോസിയേറ്റ് വികാരി ഫാ. മാർട്ടിൻ ബാബു, പി. സി. വർഗീസ് (കത്തീഡ്രൽ വൈസ് പ്രസിഡന്റ്), ജോസഫ് ജോർജ് (ട്രഷറർ), സെസിൽ മാത്യു (ജോ. സെക്രട്ടറി), ചാക്കോ കോര (സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ്), യൽദോ ചാക്കോ (സെക്രട്ടറി), ജിറ്റു കുരുവിള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

പദ്ധതിയിൽ സഹകരിക്കാൻ താൽപര്യമുള്ളവർ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് സെക്രട്ടറിയുമായി ബന്ധപ്പെടണം. ഈ മഹാനിയ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ കഴിയുന്നവർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്. സ്നേഹവും കരുണയും പങ്കുവച്ച്, വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകാൻ എല്ലാവരും പിന്തുണ നൽകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button