യുഎസ് എംബസി ഇന്ത്യയില്‍ 2,000 വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി

ദില്ലി: ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുകയും ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് അവകാശം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിസ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയെന്ന് എംബസി അറിയിച്ചു. വഞ്ചനാ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ നിലപാടാണ് യുഎസ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
എംബസിയുടെ അന്വേഷണം വിസ ക്രമീകരണ സംവിധാനത്തില്‍ യന്ത്രങ്ങളുടെ ഇടപെടല്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിസ അപേക്ഷകളില്‍ തട്ടിപ്പ് നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും തട്ടിപ്പ് വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 27നാണ് യുഎസ് എംബസി ഇക്കാര്യം ഡല്‍ഹി പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് വ്യാജ വിസ, പാസ്‌പോര്‍ട്ട് അപേക്ഷകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഒരു ആഴ്ച പിന്നിടുമ്പോഴാണ് യുഎസ് എംബസിയുടെ നടപടിയെന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിസ അപേക്ഷകള്‍ സമര്‍പ്പിച്ചതിന് 31-ലധികം പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപ്പോയിന്റ്‌മെന്റുകള്‍ ക്രമവത്കരിക്കുന്നതില്‍ അഴിമതി നടത്തുന്നവരെ കണ്ടെത്തി നിയമനടപടികള്‍ ശക്തിപ്പെടുത്തുന്നതായും അധികാരികള്‍ സൂചിപ്പിക്കുന്നു.