അമേരിക്കൻ തീരുവ: കാനഡ–അമേരിക്ക ബന്ധം അവസാനിച്ചുവെന്നു പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയിലേക്കുള്ള വാഹന, പാർട്സ് ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കാർണിയുടെ ശക്തമായ പ്രതികരണം.
കാനഡയിലെ വാഹന വ്യവസായത്തിന് വലിയ ആഘാതമേൽക്കുന്ന ഈ തീരുവ ഏകദേശം 500,000 തൊഴിലവസരങ്ങൾ അപകടത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ നടപടിയെ ന്യായീകരിക്കാനാവാത്തതും നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനവുമാണെന്നും കാർണി കുറ്റപ്പെടുത്തി.
“ഇത് കാനഡയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്. ഞങ്ങളുടെ തൊഴിലാളികളെയും കമ്പനികളെയും സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,” എന്ന് കാനഡ പ്രധാനമന്ത്രി വ്യക്തമാക്കി.
ട്രംപിന്റെ ഈ തീരുവ നിലനിൽക്കുമെന്നും, അത് കുറയ്ക്കാൻ താത്പര്യമില്ലെന്നുമുള്ള പ്രസ്താവന വ്യവസായ രംഗത്ത് ആശങ്ക പരത്തിയിരിക്കുകയാണ്. അതേസമയം, കാനഡ ഉടൻ തന്നെ ശക്തമായ പ്രതികരണ നടപടികൾ സ്വീകരിക്കുമെന്ന സൂചനയും കാർണി നൽകി.