വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് ഒരുക്കി ഡോണൾഡ് ട്രംപ്; അമേരിക്കൻ മുസ്‌ലിംകൾക്ക് നന്ദി അറിയിച്ചു

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് ഒരുക്കി. വ്യാഴാഴ്ച രാത്രി നടന്ന ഈ ഇഫ്താർ വിരുന്നിന് നിരവധി പ്രമുഖർ പങ്കെടുത്തു. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്‌ലിംകൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വേദിയിൽ സംസാരിച്ച ട്രംപ്, മുസ്‌ലിം സമൂഹം നൽകിയ പിന്തുണയെ അവഗണിക്കാനാകില്ലെന്നും അതിനാൽ തന്നെ ഈ വിരുന്ന് അവർക്കുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ ഏറ്റവും നല്ല അവസരമായിരുന്നുവെന്നും വ്യക്തമാക്കി. ‘2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കൻ മുസ്‌ലിംകൾക്ക് ഞാൻ പ്രത്യേക നന്ദി അറിയിക്കുന്നു. നവംബറിൽ മുസ്‌ലിം സമൂഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതുപോലെ, ഞാൻ പ്രസിഡന്‍റായിരിക്കുമ്പോൾ, ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും,’ – ട്രംപ് തന്റെ പ്രസംഗത്തിൽ ഉറപ്പുനൽകി.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ഒന്നാം ഘട്ട വെടിനിര്‍ത്തൽ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഗസ്സയിൽ വീണ്ടും അതിക്രമങ്ങൾ കടുത്തതായി റിപ്പോർട്ടുകൾ വന്നത്. ഈ സാഹചര്യത്തിൽ, ട്രംപിന്റെ ഇഫ്താർ വിരുന്ന് രാഷ്ട്രീയപരമായ നിലപാടുകൾക്കും വിശ്വാസ സ്വതന്ത്ര്യത്തിനുമുള്ള അദ്ദേഹത്തിന്റെ സമീപനങ്ങൾ വ്യക്തമാക്കുന്നതാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.