വാഷിംഗ്ടനിൽ ഹൗസ് പാർട്ടിക്കിടെ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്ക്

വാഷിങ്ടൺ : വാഷിംഗ്ടനു സമീപം ഒരു ഹൗസ് പാർട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടർന്ന് കൂട്ടവെടിവയ്പ്. അർദ്ധരാത്രിക്ക് ശേഷമാണ് ടാക്കോമയുടെ തെക്ക് ഭാഗത്ത് നടന്ന വലിയ ഹൗസ് പാർട്ടിക്കിടെ വെടിവയ്പ് അരങ്ങേറിയത്.ജോയിന്റ് ബേസ് ലൂയിസ്-മക്കോർഡിന് തൊട്ടു കിഴക്കാണ് സംഭവം നടന്നത്.
വീടിനുള്ളിലുണ്ടായ വഴക്ക് തെരുവിലേക്ക് എത്തുകയും യുവാക്കൾ നിലവിളിക്കുകയും അലറുകയും ചെയ്തു. തുടർന്ന് നിരവധി കോളുകൾ പിയേഴ്‌സ് കൗണ്ടി ഷെരീഫിന്റെ ഓഫിസിൽ എത്തി. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വെടിയൊച്ച മുഴങ്ങിയിരുന്നു. പ്രദേശത്ത് നിന്ന് ആളുകളും കാറുകളും ഒഴിഞ്ഞുകഴിഞ്ഞിരുന്നു. പരുക്കേറ്റ നിരവധി പേർ തെരുവിലും വീടിൻ്റെ പരിസരത്തും കിടക്കുന്നുണ്ടായിരുന്നു.
ഡെപ്യൂട്ടികൾ തെരുവിൽ 19 വയസ്സുള്ള ഒരു യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മറ്റ് അഞ്ച് പേരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി, അവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേർ ഇപ്പോഴും ചികിത്സയിലാണ്. കൊല്ലപ്പെട്ട മറ്റൊരാൾക്ക് 16 വയസ്സായിരുന്നു. പരുക്കേറ്റവരുടെ പ്രായപരിധി 16നും 21നും ഇടയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ലാത്തതിനാൽ അന്വേഷണം തുടരുകയാണ്.