
തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് ഒളിവിൽ. മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷ് പൊലീസ് അന്വേഷണം ആരംഭിച്ചശേഷം ഒളിവിൽ പോയതായി സ്ഥിരീകരിച്ചു.
തെരച്ചിൽ നടത്തിയിട്ടും ഇയാളെ വീട്ടിലോ ഓഫീസിലോ കണ്ടെത്താനായില്ല. ഫോൺ ബന്ധവും നിലച്ചിരിക്കുകയാണ്. മരണത്തിന് മുൻപായി മേഘയെ അവസാനമായി വിളിച്ചതും സുകാന്ത് തന്നെയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കുടുംബം ആരോപിച്ചതു പോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേക്കു മേഘ കൈമാറിയിരുന്നതായും ബാങ്ക് രേഖകൾ വഴി കണ്ടെത്തിയിട്ടുണ്ട്.
ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപം ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകനായ മധുസൂദനും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥയായ നിഷ ചന്ദ്രയും മേഘയുടെ മാതാപിതാക്കളാണ്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുകയും സമഗ്രാന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.