ജന്മനാടിന്റെ നീർമ്മലപ്രണാമം: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ കൊച്ചിയിൽ

കൊച്ചി : കൊച്ചി നഗരവും വിശ്വാസി സമൂഹവും ഇന്ന് ഉണർന്നത് അഭിമാനത്തിലും ആനന്ദത്തിലും നിറഞ്ഞ ഒരു നിമിഷത്തിനായി. നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായെ കൊച്ചി തന്റെ കരകളിലേറ്റി. ലബനനിലെ സ്ഥാനാരോഹണ ശേഷമെത്തിയ ബാവായെ കൊച്ചി വിമാനത്താവളത്തിൽ വിശ്വാസികളും പ്രിയപെട്ടവരും ഉഷ്മളമായി സ്വീകരിച്ചു.

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്കുള്ള യാത്ര, വിശ്വാസത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു മഹാ യാത്രയായി. പെരുമ്പാവൂർ, പട്ടിമറ്റം, പത്താംമൈൽ എന്നിവിടങ്ങളിലൂടെ നീങ്ങുമ്പോൾ ഒരായിരം കൈകൾ ചേർത്ത് പ്രാർത്ഥനയും സ്‌നേഹാഭിഷേകവും നൽകി. കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കലിൽ ധൂപപ്രാർഥന അർപ്പിച്ച ശേഷം മലങ്കര സഭയുടെ ഏറ്റവും മഹത്വമുള്ള ചടങ്ങായ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
ആശീർവാദത്തിനും അനുഗ്രഹത്തിനുമായി പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ മാർ ഡാനിയേൽ ക്ലീമീസ്, മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, മാർ ബൗട്രസ് അൽ കിസിസ് എന്നിവരും സഭയിലെ വിവിധ മെത്രാപ്പൊലീത്തമാരും സഹ കാർമികരായി. വിശ്വാസത്തിന്റെ വെളിച്ചമായി തിളങ്ങുന്ന ഈ നിമിഷങ്ങൾ ഓർമ്മകളിൽ എന്നും നിലനിൽക്കും.
വൈകിട്ട് നടന്ന അനുമോദന സമ്മേളനം സമാധാനത്തിന്റെ ഒരു മഹാമേളയായി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിവിധ മതനേതാക്കളും അണിനിരന്ന ആ സംഗമം, മലങ്കര സഭയുടെ അഭിമാന നിമിഷങ്ങൾ വിളിച്ചോതിക്കൊണ്ടിരുന്നു. ജന്മനാടിന്റെ മണ്ണിൽ ഈ വിശുദ്ധ നിമിഷങ്ങൾ അനുഭവിക്കാൻ സാധിച്ച വിശ്വാസികൾക്ക് അത് മറക്കാനാകാത്ത ഒരു അനുഭവമായി.
ഇന്നത്തെ ഈ വിശുദ്ധയാത്ര മലങ്കര സഭയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമായി തുടരും. 💖