രക്ഷാപ്രവര്‍ത്തകരുടെ കൂട്ടക്കുരുതി: ഇസ്രയേല്‍ വെറുപ്പിന്റെ കഠിനരൂപം

ഗാസ: തെക്കന്‍ ഗാസയിലെ റഫായിലെ ടെല്‍ അല്‍ സുല്‍ത്താനില്‍ നടന്ന ഭീകര സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം 15 രക്ഷാപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് കൂട്ടക്കുഴിയില്‍ മൂടിയതായി വ്യക്തമാകുന്നു. മരണപ്പെട്ടവരില്‍ പലസ്തീന്‍ റെഡ് ക്രസന്റ് സംഘടനയുടേയും സിവില്‍ ഡിഫന്‍സ് വിഭാഗത്തിലേയും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഓഫിസിന്റെ മേധാവി ജോനാഥന്‍ വിറ്റാള്‍ വ്യക്തമാക്കി, ഓരോരുത്തരെയായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, ആംബുലന്‍സുകള്‍ വരെ ഉള്‍പ്പെടുത്തിക്കൊണ്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിയെടുത്ത് മൂടി.
മണ്ണ് നീക്കം ചെയ്തപ്പോള്‍ യൂണിഫോമിട്ട ശരീരങ്ങള്‍ പുറത്ത് വന്നതോടെ ഈ ക്രൂരകൃത്യം ലോകത്തിനു മുമ്പിലായി. ദൗത്യസംഘത്തിലെ ഒരാള്‍ ഇതുവരെ കാണാതായിട്ടുണ്ട്. ഇസ്രയേലിന്റെ ഈ നടപടിയെ യുഎന്‍ റിലീഫ് ഏജന്‍സി മേധാവി ഫിലിപ്പ് ലാസറീനി അപലപിച്ചു.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മാര്‍ച്ച് 23നു് രക്ഷാപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടത്. ഈ കൂട്ടക്കുരുതി അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.