നോർത്ത് അമേരിക്കൻ മാധ്യമ ലോകത്തിന്റെ വമ്പൻ സംഗമത്തിന് ഗംഭീര തുടക്കം

ന്യൂയോർക്ക്: മാധ്യമ ലോകത്തെ വമ്പിച്ച സംഗമമായി മാറാൻ പോകുന്ന പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ തുടക്കം പ്രൗഢഗംഭീരമായി. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) സംഘടിപ്പിക്കുന്ന ഈ വമ്പിച്ച സമ്മേളനം ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സി എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ അരങ്ങേറും. ലോക മാധ്യമ രംഗത്തെ സുപ്രധാന വ്യക്തിത്വങ്ങളും, കേരളത്തിന്റെ മുതിർന്ന മാധ്യമപ്രവർത്തകരും, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിന് മാറ്റ് കൂട്ടും.
നോർത്ത് അമേരിക്കൻ മാധ്യമ ലോകത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്ന ന്യൂയോർക്ക് ചാപ്റ്ററാണ് ഈ വിസ്മയ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്. നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുമ്പോൾ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര മാധ്യമ ലോകം ഉറ്റുനോക്കുന്ന ഈ മഹാസമ്മേളനം വൻവിജയമാക്കണമെന്ന് ഷോളി കുമ്പിളുവേലി വ്യക്തമാക്കി.
സമ്മേളന വിജയത്തിനായി വിവിധ കമ്മിറ്റികൾ ചുമതല ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് (2026-27), മുൻ പ്രസിഡന്റുമാർ, ന്യൂയോർക്ക് ചാപ്റ്റർ അംഗങ്ങൾ, വിവിധ സാമൂഹിക- സാംസ്‌കാരിക- സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. നാഷണൽ ട്രഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട.
ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച കിക്കോഫ് മീറ്റിംഗിൽ മീഡിയാ ലോകത്തെ പ്രമുഖരും, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. റോക്‌ലൻഡിലെ വാലി കോട്ടേജിലുള്ള മലബാർ റെസ്റ്റാറന്റിൽ നടന്ന കിക്കോഫ് മീറ്റിംഗിൽ ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറർ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി ജേക്കബ് മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ചർച്ചകൾ നടന്നു.
മൂന്നു ദിവസത്തെ ഈ വമ്പിച്ച സമ്മേളന വിജയത്തിനായി ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അഭ്യർത്ഥിച്ചു. മുൻ ഫൊക്കാന പ്രസിഡന്റ് പോൾ കറുകപ്പള്ളി, മറ്റ് പ്രമുഖ സമൂഹസേവകരായ തോമസ് കോശി, ഫിലിപ്പോസ് ഫിലിപ്പ്, ഷിനു ജോസഫ്, നോഹ ജോർജ്, ടോം നൈനാൻ, സണ്ണി കല്ലൂപ്പാറ, ഹരികുമാർ രാജൻ, ജിബി വർഗീസ്, ഷൈബു വർഗീസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സംഘടനകളെയും, മാധ്യമ ലോകത്തെയും ഒരുമിപ്പിച്ച് വൻ വിജയമാകാൻ പോകുന്ന ഈ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ഇതൊരു നിർഭാഗ്യമായി മാറുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻനിര നേതാക്കളായ ജോർജ് ജോസഫ്, താജ് മാത്യു, ജെ. മാത്യു, ജോസ് കാടാപ്പുറം, സജി എബ്രഹാം, പ്രിൻസ് ലൂക്കോസ്, മാത്തുക്കുട്ടി ഈശോ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ട്രഷറർ ബിനു തോമസ് നന്ദി രേഖപ്പെടുത്തി. പത്രപ്രവർത്തനം പുതിയ വിസ്മയങ്ങൾ തുറക്കുമ്പോൾ, ഈ കോൺഫറൻസ് നോർത്ത് അമേരിക്കൻ മാധ്യമ ലോകത്തിന് നവ്യാനുഭവങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.