
വാഷിങ്ടൻ : യുഎസ് പൊതുജനാരോഗ്യ ഏജൻസികളിൽ വൻ പിരിച്ചുവിടലുകൾ നടപ്പാക്കാൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ചതായി റിപ്പോർട്ട്. സിഡിസി, എഫ്‌ഡിഎ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികളിൽ നിന്നാണ് പിരിച്ചുവിടലുകൾ ആരംഭിച്ചത്. ആരോഗ്യ, മനുഷ്യ സേവന വിഭാഗമായ എച്ച്‌എച്ച്‌എസ് (HHS) ഇനി 62,000 തസ്തികകളിലേക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിൽനിന്ന് ഏകദേശം 10,000 പേർ നേരിട്ടുള്ള പിരിച്ചുവിടലുകളിലൂടെയും മറ്റൊരു 10,000 പേർ നേരത്തെയുള്ള വിരമിക്കൽ, സ്വമേധയാ വിരമിക്കൽ ഓഫറുകൾ സ്വീകരിച്ചതിലൂടെയും തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
വാഷിങ്ടനിലും, യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആസ്ഥാനമായ അറ്റ്ലാന്റയിലും, രാജ്യത്തുടനീളമുള്ള ചെറിയ ഓഫിസുകളിലും നിന്നാണ് ജീവനക്കാർ ഒഴിവാക്കപ്പെട്ടത്. ഔദ്യോഗിക കെട്ടിടങ്ങളിൽ പ്രവേശിക്കാനെത്തിയ ചില ജീവനക്കാർക്ക് നേരത്തെ തന്നെ പിരിച്ചുവിടലിന്റെ അറിയിപ്പുകൾ ലഭിച്ചിരുന്നു. വാഷിങ്ടൻ, മേരിലാൻഡ്, അറ്റ്ലാന്റ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥരെ ഓഫിസുകൾക്കകത്തു കടക്കാൻ അനുവദിക്കാതെ നേരിട്ട് പുറത്തു നിർത്തി ഒഴിവാക്കലിന്റെ വിവരം കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
ഈ നീക്കം യുഎസിലെ പൊതുജനാരോഗ്യ മേഖലയെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തലുകൾ ഉയരുമ്പോഴും അധികാരികളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. രാജ്യത്തെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാകാവുന്ന ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് കഠിനമായ വിമർശനങ്ങൾ ഉയർന്നുവരുകയാണ്.