
ഇല്ലിനോയി : ഇല്ലിനോയിൽ നിന്നുള്ള ഗവേഷകർ അരിമണിയേക്കാൾ ചെറുതും പ്രകാശത്താൽ പ്രവർത്തിക്കുന്നതുമായ ഒരു പേസ്‌മേക്കർ വികസിപ്പിച്ചെടുത്തു. നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള മുതിർന്നവർക്കും ഇത് ഗുണകരമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സിറിഞ്ച് വഴിയുള്ള എളുപ്പമായ ഘടിപ്പിക്കൽ സവിശേഷതയുള്ള ഈ ഉപകരണം സംബന്ധിച്ച വിശദാംശങ്ങൾ ‘നേച്ചർ’ ജേണലിൽ ഏപ്രിൽ 2ന് പ്രസിദ്ധീകരിച്ചു.
പ്രതിവർഷം ഏകദേശം ഒരു ശതമാനം നവജാത ശിശുക്കൾ ഹൃദയ വൈകല്യങ്ങളോടെ ജനിക്കുമ്പോൾ, ഭൂരിഭാഗം പേർക്കും ഹൃദയം സ്വയം സുഖം പ്രാപിക്കാൻ താൽക്കാലിക പേസ്‌മേക്കർ ചികിത്സ മാത്രം മതിയാകുന്നുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ മുതിർന്നവരിൽ താൽക്കാലിക പേസ്‌മേക്കറുകൾ ഉപയോഗിക്കുന്നതിന് നിലവിലെ ശസ്ത്രക്രിയാ നടപടികൾ ചിലപ്പോൾ ഏറെ സങ്കീർണ്ണതയേറിയതുമാണ്. ഇലക്ട്രോഡുകൾ ഹൃദയത്തിൽ തുന്നിച്ചേർക്കുകയും, നെഞ്ചിൽ നിന്ന് പുറത്തേക്ക് വരുന്ന വയറുകൾ ഉപയോഗിച്ച് ഒരു ബാഹ്യ പേസ്‌മേക്കർ ബോക്സുമായി ബന്ധിപ്പിക്കേണ്ടതുമാണ് ഈ രീതിയുടെ പ്രത്യേകത. പിന്നീട് ഇവ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയുടെ ഭാഗമായും രോഗികൾക്ക് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
മനുഷ്യ ഹൃദയത്തിന് ആവശ്യമായ വൈദ്യുത ഉത്തേജനം വളരെ കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, പുതിയ തലമുറ പേസ്‌മേക്കറിനെ വലുപ്പം കാര്യമായി ചുരുക്കാൻ ഗവേഷകർക്ക് സാധിച്ചു. നിലവിൽ വികസിപ്പിച്ചിരിക്കുന്ന ഈ ഉപകരണം 1.8 മില്ലീമീറ്റർ വീതിയും 3.5 മില്ലീമീറ്റർ നീളവും 1 മില്ലീമീറ്റർ കട്ടിയുമുള്ളതാണെങ്കിലും, സാധാരണ പേസ്‌മേക്കറിന് തുല്യമായ വൈദ്യുത ഉത്തേജനം നൽകാൻ കഴിയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഇനി വലിയ ശസ്ത്രക്രിയകളുടെ ആവശ്യം കൂടാതെ പേസ്‌മേക്കർ ശരീരത്തിൽ തന്നെ ലയിച്ചുപോകും എന്ന സവിശേഷതയും ഈ പുതിയ ഉൽപ്പന്നത്തിന്റെ പ്രധാന ആകർഷണമാണ്. ഇതിന്റെ ഫലമായി, രോഗികൾക്ക് ശസ്ത്രക്രിയയെ തുടർന്നുള്ള അണുബാധാ ഭീഷണി, രക്തം കട്ടപിടിക്കൽ തുടങ്ങിയ അപകടസാധ്യതകൾ കുറയ്ക്കാൻ സാധിക്കുമെന്ന് കാർഡിയോളജിസ്റ്റും ഗവേഷകനുമായ ഇഗോർ എഫിമോവ് വ്യക്തമാക്കുന്നു.
ഈ പുതിയ നേട്ടം ഭാവിയിൽ ഹൃദയാരോഗ്യ പരിഹാരങ്ങൾക്ക് ഒരു വലിയ മുന്നേറ്റമാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.