അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റം വരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ പകര ചുങ്കം അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയും കാനഡയും തമ്മിലുള്ള വാണിജ്യ ബന്ധത്തെ ഗൗരവമായി ബാധിക്കുമെന്നും കാർണി വ്യക്തമാക്കി.
ഇരു രാജ്യങ്ങൾക്കുമിടയിൽ വാണിജ്യത്തിൻറെ പല ഘടകങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫെന്റനൈൽ താരിഫുകൾ, സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ മേഖലകളിൽ നിലനിൽക്കുന്ന നിരോധനങ്ങൾ കനേഡിയൻ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടം മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്കു മേൽ പകർച്ച ചുങ്കം ഏർപ്പെടുത്തിയതും രാജ്യാന്തര വ്യാപാര നയങ്ങളെ ബാധിക്കുമെന്നത് നിഷേധിക്കാനാകില്ല.
അമേരിക്കയിലേക്ക് രേഖകളില്ലാതെ കുടിയേറുന്നവർ, ഫെന്റനൈൽ കടത്തുകാർ എന്നിവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിൽ ഇവ രാജ്യങ്ങൾ പരാജയപ്പെട്ടെന്നതാണ് അധിക തീരുവ ചുമത്തിയതിന്റെ കാരണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഫാർമസ്യൂട്ടിക്കൽസ്, തടി, സെമികണ്ടക്ടറുകൾ എന്നിവയ്ക്കു മേലുള്ള പുതിയ നികുതി പരിഗണനയിലാണെന്ന് കാർണി ചൂണ്ടിക്കാട്ടി.
“നടപടികളുടെ പരമ്പര ലക്ഷക്കണക്കിന് കനേഡിയൻമാരെ നേരിട്ട് ബാധിക്കും. ഈ താരിഫുകൾക്കെതിരെ ഞങ്ങൾ ശക്തമായി പ്രതികരിക്കും,” കാർണി മുന്നറിയിപ്പ് നൽകി.