ഹൂത്തികളെ ഉന്മൂലിച്ച് അമേരിക്കന്‍ സൈന്യം; ട്രംപിന്റെ പോസ്റ്റ് വിവാദത്തിലേക്ക്

വാഷിംഗ്ടണ്‍ : യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരായ അമേരിക്കന്‍ സൈന്യത്തിന്റെ വ്യാഴാഴ്ച നടന്ന ശക്തമായ ആക്രമണത്തില്‍ നിരവധി ഹൂത്തികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നേരിട്ട് ട്രംപ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
ട്രൂത്ത് സോഷ്യല്‍ എന്ന സ്വന്തം പ്ലാറ്റ്‌ഫോമിലാണ് ട്രംപ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. “അയ്യോ” എന്നതായിരുന്നു കമന്റ്. “ഈ ഹൂത്തികളുടെ ആക്രമണം ഇനി ഉണ്ടാകില്ല. ഇനി ഒരിക്കലും നമ്മുടെ കപ്പലുകളെ അവര്‍ ആക്രമിക്കില്ല,” എന്നാണ് ട്രംപ് വീഡിയോക്കൊപ്പം കുറിച്ചത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജിലൂടെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഹൂത്തി വിമതര്‍ ഒരുമിച്ചുനില്ക്കുന്ന സ്ഥലത്തേക്ക് സൈനിക ഡ്രോണുകളിലൂടെയോ ആളില്ലാ വിമാനങ്ങളിലൂടെയോ ആകാം ബോംബുകള്‍ ഇടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ബോംബ് വീണ സ്ഥലത്ത് കുഴികള്‍ രൂപപ്പെടുകയും പുക കത്തുകയുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായി ദൃശ്യമാകുന്നത്.
ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമാക്കി ഹൂത്തി ഗ്രൂപ്പിന്റെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ കുറേ ആഴ്ചകളായി അമേരിക്കന്‍ സൈന്യം യെമനില്‍ പ്രത്യാക്രമണങ്ങള്‍ നടത്തി വരികയാണ്. അമേരിക്കന്‍ സേനയുടെ ഈ ആക്രമണവും ട്രംപിന്റെ പ്രതികരണവും ആഗോളതലത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കിടയാക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.