ടാമ്പായില്‍ എബ്രഹാം പി. ചാക്കോ (ബ്രാന്‍ഡന്‍ കുഞ്ഞുമോന്‍)അന്തരിച്ചു: സമൂഹസേവനത്തിന്റെയും നേതൃപാടവത്തിന്റെയും പ്രതീകം

ടാമ്പാ, ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (MACF) മുന്‍ പ്രസിഡന്റും ഫൊക്കാനയുടെ ആര്‍.വി.പി.യുമായിരുന്ന എബ്രഹാം പി. ചാക്കോ (ബ്രാന്‍ഡന്‍ കുഞ്ഞുമോന്‍) നിര്യാതനായി. ടാമ്പാ മലയാളി സമൂഹത്തില്‍ സുപരിചിതനായ, ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. 2004-ല്‍ MACF പ്രസിഡന്റായും, 2008 മുതല്‍ 2010 വരെ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച എബ്രഹാം ചാക്കോ, സംഘടനാ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു.സമൂഹത്തെ ബന്ധിപ്പിക്കുകയും ഉണര്‍വ്വുണര്‍ത്തുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ ഒട്ടുമിക്ക മലയാളി കുടുംബങ്ങളുടെയും ഓർമ്മയില്‍ അനശ്വരമായി തുടരുന്നു. ടാമ്പയിലെ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിലൊരായിരുന്നു അദ്ദേഹം. പല വര്‍ഷങ്ങളായി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലും MACFയുടെ ഡയറക്ടര്‍ ബോര്‍ഡിലും വിവിധ ഉപസമിതികളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു.
ആരോഗ്യസമൂഹ്യ വെല്ലുവിളികളോട് നടുങ്ങാതെ, വീല്‍ചെയറില്‍ കഴിയുമ്പോഴും സംഘടനാ പ്രവര്‍ത്തനങ്ങളിലെയും സേവനപ്രവൃത്തികളിലെയും പങ്കാളിത്തം നിലനിർത്തിയ അദ്ദേഹത്തിന്റെ ജീവിതവഴി വലിയ മാതൃകയാണ്. ടാമ്പാ മലയാളി സമൂഹം അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനയോടെയാണ് അനുശോചനം പ്രകടിപ്പിക്കുന്നത്.
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിച്ചു.