തലഹാസിയിലേക്കുള്ള വിമാനയാത്ര ദാരുണമായ ദുരന്തത്തിൽ കലാശിച്ചു; മൂന്ന് പേർ മരിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിലെ ബൊക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് തലഹാസിയിലേക്കുള്ള യാത്രക്കിടെ ചെറിയ വിമാനം തകർന്നുവീണ് മൂന്ന് പേരുടെ ദാരുണമരണത്തിന് കാരണം ആയി. ഏപ്രിൽ 11 ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് തൊട്ടുതന്നെ വിമാനം തകരാറിലാണെന്നും മെക്കാനിക്കൽ പ്രശ്‌നങ്ങളുണ്ടെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു.
ഇരട്ട എഞ്ചിനുള്ള, ആറ് സീറ്റുള്ള സെസ്ന 310 മോഡൽ വിമാനം പറന്നുയർന്നതിനുശേഷം എട്ട് മുതൽ പത്ത് മിനിറ്റിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടു. രാവിലെ 10:20യ്ക്ക് വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയുള്ള തിരക്കേറിയ റോഡിലായിരുന്നു തകർച്ച. ഒരു ഓവർപാസിന് സമീപം വീണ് തീപിടിത്തമുണ്ടായാണ് സംഭവം ജനങ്ങളെ ഞെട്ടിച്ചത്.
വിമാനത്തിലുണ്ടായിരുന്ന റോബർട്ട് സ്റ്റാർക്ക് (81), സ്റ്റീഫൻ സ്റ്റാർക്ക് (54), ബ്രൂക്ക് സ്റ്റാർക്ക് (17) എന്നിവരാണ് മരണപ്പെട്ടത്. മൂന്ന് പേരും കുടുംബാംഗങ്ങളാണ്. അപകടത്തിൽ ജീവൻ രക്ഷപ്പെട്ട ഒരാൾ 2017 ലെ ടൊയോട്ട പ്രിയസിൽ വടക്കോട്ടേക്ക് യാത്ര ചെയ്യുമ്പോഴാണ് തീപിടിത്തമുണ്ടായതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചതായും അധികൃതർ അറിയിച്ചു.
ഒരു ദിവസം മുമ്പ്, ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്നുവീണ അപകടത്തിൽ ഒരു സ്പാനിഷ് കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും പൈലറ്റിന്റെയും ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായ വ്യോമാപകടങ്ങൾ യുഎസിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.