മലയാളി മേയർ സജി ജോർജിന് വീണ്ടും ജനവിധി തേടി മത്സര രംഗത്ത് – സണ്ണിവെയിലിൽ ഇന്ന് സ്ഥാനാർഥി സംവാദം

സണ്ണി വെയിൽ : ഡാലസ് സമീപമുള്ള സണ്ണി വെയിൽ നഗരത്തിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് ടൗൺ ഹാളിൽ മേയർ സ്ഥാനാർഥികൾ തമ്മിലുള്ള സംവാദം നടക്കും. നിലവിലെ മേയറായ സജി ജോർജും പുതുമുഖ സ്ഥാനാർഥിയായ പോൾ കാഷും തമ്മിലാണ് മത്സരത്തിന്റെ പ്രധാന ചൂട്.
മലയാളികൾക്ക് അഭിമാനമായി മാറിയ സജി ജോർജിനു തുടർച്ചയായി രണ്ട് തവണ മേയറായി തിരഞ്ഞെടുക്കപ്പെട്ട അനുഭവമുണ്ട്. അമേരിക്കയിലെ മേയർ പദവിയിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്ന വിശേഷണമുള്ള സജി, ഇത്തവണ മൂന്നാം തവണയാണ് ജനങ്ങളുടെ വിധി തേടുന്നത്.
സണ്ണി വെയിൽ നഗരസഭയുടെ ഭാവിയെ സംബന്ധിച്ചുണ്ടാകുന്ന നിർണായക ചർച്ചകളിൽ ജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാനുള്ള അവസരമായിരിക്കും ഇന്ന് നടക്കുന്ന സംവാദം. വോട്ട് ചെയ്യാനുള്ള ആദ്യഘട്ടം ഏപ്രിൽ 22ന് ആരംഭിക്കും.
ടെക്സസ്സിൽ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നാണ് സണ്ണി വെയിൽ. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾക്കും നിയന്ത്രിത നഗര വികസനത്തിനും പേരായ സണ്ണിവെയിൽ ഐഎസ്ഡി സംസ്ഥാനത്തെ മികച്ച ഹൈസ്കൂളുകളിൽ ഒന്നാണ്. അപ്പാർട്ട്മെന്റുകൾക്കും പൊതു ബസ് സർവീസുകൾക്കും ഇവിടെ അനുവാദമില്ല എന്നത് നഗരത്തിന് മറ്റൊരു പ്രത്യേകതയാണ്.
നഗരത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഈ തിരഞ്ഞെടുപ്പിൽ മലയാളികളുടെയും എല്ലാ സ്വദേശികളുടെയും പങ്കാളിത്തം ഏറെ പ്രാധാന്യമുള്ളതായിരിക്കും.