പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്നത്തില്‍ വിവാദം; പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ ഒഴിവാക്കി യുഎസ്

വാഷിംഗ്ടണ്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22 ന് നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് പാക് മാധ്യമപ്രവര്‍ത്തകന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ വക്താവ് ടാമി ബ്രൂസ് വിസമ്മതിച്ചു. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് ബ്രൂസ് പ്രതികരിച്ചത് വിശദമായ വിശദീകരണങ്ങളില്ലാതെയാണ്.
“ഞാന്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോകുന്നില്ല. ആ സാഹചര്യത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. പ്രസിഡന്റ്, ഡെപ്യൂട്ടി സെക്രട്ടറി, സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയവര്‍ ഇതിന്മേല്‍ ഇതിനകം തന്നെ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്” എന്നാണ് ബ്രൂസ് പറഞ്ഞത്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി യുഎസ് പ്രാര്‍ഥിക്കുന്നുവെന്ന് ബ്രൂസ് കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ എത്തിയ വിനോദസഞ്ചാരികളാണ് ഭീകരാക്രമണത്തിന് ഇരയായത്. 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം താഴ്വരയില്‍ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നായി ഇതിനെ വിലയിരുത്തപ്പെടുന്നു. ആ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തി സംഘര്‍ഷ സാധ്യതകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ യുഎസ് ഇത്തരം ചോദ്യങ്ങളില്‍ പ്രതികരണം നല്‍കാതെ പിന്മാറുന്നത് നയതന്ത്രമേഖലയില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് വഴിവെക്കുകയാണ്.