
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരികെ നൽകിയ ശക്തമായ പ്രതികരണത്തിന് പിന്നാലെ മുന്നൊരുക്കമായാണ് വടക്കേ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ വിമാനസർവീസുകൾക്ക് വലിയ വ്യതിയാനം സംഭവിക്കുമെന്ന് അധികൃതർ അറിയിച്ചു. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് തടസ്സം.
പാകിസ്താനിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും വ്യോമതടസങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
മെയ് ഏഴിന് ഉച്ചക്ക് 12 മണി വരെ ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്.
സമയക്രമങ്ങളിലും സർവീസുകളിലും മാറ്റമുണ്ടാവാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വെബ്‌സൈറ്റ് സന്ദർശിച്ച് പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് നിർദ്ദേശിച്ചു.
ഇന്ത്യയുടെ ദേശീയ സുരക്ഷയെ മുൻനിറത്തിലാക്കിയാണ് എല്ലാ നടപടി ക്രമങ്ങളും നടപ്പിലാക്കിയതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.