
റോം: ലോകത്ത് പൊരുതുന്ന രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ചർച്ചയിലൂടെ തീർക്കേണ്ടതിന്റെ അത്യാവശ്യകതയെ കുറിച്ച് പാപ്പ ലിയോ പതിനാലാമൻ ശക്തമായി മുന്നറിയിപ്പ് നൽകി. മനുഷ്യകേന്ദ്രീകൃത സമീപനം വേണമെന്നും രാജ്യാന്തര നിയമങ്ങൾ പൂർണമായും പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാനിൽ നടന്ന സന്ദർശനത്തിൽ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിനോടാണ് പാപ്പ ആഹ്വാനം നൽകിയത്. കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷപരിസരത്തിൽ സമാധാനം സ്ഥാപിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്ന് അറിയാം.
പാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ വാൻസ് അദ്ദേഹത്തെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. നിലവിൽ റഷ്യയിലേക്ക് കടത്തിക്കൊണ്ടുപോയ യുക്രൈൻ കുട്ടികളെ തിരികെനൽകുന്നതിനായി വത്തിക്കാൻ നടത്തുന്ന ഇടപെടലുകൾക്കും തടവുകാരുടെ കൈമാറ്റം എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു.
ലോക സമാധാനത്തിനായി വത്തിക്കാൻ ആവശ്യമെങ്കിൽ ചർച്ചകൾക്ക് വേദിയായിരിക്കാൻ തയ്യാറാണെന്നും പാപ്പ സൂചിപ്പിച്ചു. ദേഷ്യവും ദ്വേഷവും വിട്ട് മനുഷ്യത്വം മുൻനിരയിൽ കൊണ്ടുവരേണ്ടിയിരിക്കുന്ന സമയമാണിതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.