
ന്യൂഡല്‍ഹി: ഗാസയില്‍ നടക്കുന്ന യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് മൈക്രോസോഫ്റ്റ് സാങ്കേതിക സഹായം നല്‍കുന്നതില്‍ പ്രതിഷേധിച്ച ജീവനക്കാരനെ കമ്പനി പുറത്താക്കി. ലോകത്തെ വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നാദെല്ലയുടെ പ്രസംഗം പൊതു വേദിയില്‍ തടസ്സപ്പെടുത്തിയത് അദ്ദേഹത്തിന് ജോലി നഷ്ടമാകുന്നതിനിടയാക്കി.
ജോ ലോപ്പസ് എന്ന ജീവനക്കാരന്‍ സിയാറ്റിലില്‍ നടന്ന വാര്‍ഷിക ഡെവലപ്പര്‍ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രതിഷേധം. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനമായ അസ്യൂറിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന ജോ, പ്രസംഗം മധ്യേ പ്രതിഷേധമുയര്‍ത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വേദിയില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം നിലപാട് വ്യക്തമാക്കുന്ന തരത്തില്‍ ജോ കമ്പനി ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. ഗാസയിലെ യുദ്ധത്തില്‍ സിവിലിയന്‍മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ നിലപാടെടുത്തതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതേസമയം, ഇസ്രായേല്‍ സൈന്യത്തിന് എഐ സേവനങ്ങള്‍ നല്‍കിയതായി മൈക്രോസോഫ്റ്റ് കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നുവെങ്കിലും സിവിലിയന്മാരെ നേരിട്ട് ലക്ഷ്യം വെച്ചതായി തെളിവില്ലെന്നും കമ്പനി വാദിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഇത്തരമൊരു പ്രതിഷേധം നേരിടുന്നത് മൈക്രോസോഫ്റ്റിന് ഇത് രണ്ടാമത്തേത് ആണ്. ഏപ്രിലില്‍ കമ്പനിയുടെയും എഐ മേധാവിയുടെയും പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രണ്ട് ജീവനക്കാര്‍ പ്രത്യക്ഷവേദിയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കും ജോലി നഷ്ടമായി.
സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ കമ്പനികള്‍ യുദ്ധപ്രധാനമായ മേഖലകളില്‍ അവരുടെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നത് സംബന്ധിച്ച് നിരവധി നിയമനവും വിവാദങ്ങളും ആന്തരികമായും പൊതുസമൂഹത്തിലും ശക്തമാകുന്നതിന്റെ ഭാഗമാണ് ഈ സംഭവവികാസങ്ങളും.