പരിയാരം (കണ്ണൂർ) : കണ്ണൂരിൽ രണ്ട് മക്കളുമായി കിണറ്റിൽ ചാടിയ സംഭവത്തിൽ ആറു വയസ്സുകാരൻ മരിച്ചു. സംഭവത്തിൽ അമ്മയെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി.പി. ധനജ (ധനജ ധനേഷ്)ക്കും ഭർത്താവിന്റെ അമ്മ ശ്യാമള (71)ക്കും എതിരെയാണ് നടപടി.
ധ്യാൻ കൃഷ്ണൻ (6) മരണപ്പെട്ട സംഭവത്തിൽ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന് ധനജ പൊലീസിനോട് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്യാമളയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്.
കിണറ്റിൽ നിന്നു രക്ഷപ്പെടുത്തിയ ശേഷം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണൻ രണ്ടു ദിവസം മുമ്പാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാൻഡ് ചെയ്ത് കണ്ണൂർ വനിതാ ജയിലിലേക്കു മാറ്റി. പൊലീസ് അന്വേഷണം തുടരുകയാണ്.














































