KeralaLatest NewsNewsPolitics

ബിജെപിയിൽ പീഡന ആരോപണം; സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ പാലക്കാട് സ്വദേശിനിയുടെ പരാതി

പാലക്കാട് : കോൺഗ്രസിനെ നടുങ്ങിച്ച രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന് പിന്നാലെ, ബിജെപിയിലും പീഡനപരാതി ഉയർന്നു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിയായ യുവതി ലൈംഗികപീഡനപരാതിയുമായി രംഗത്തെത്തി.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് യുവതി ഇ-മെയിൽ വഴി പരാതി സമർപ്പിച്ചത്. കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച രാജീവ് ചന്ദ്രശേഖർ, അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് യുവതിയെ അറിയിച്ചു.

യുവതി മുൻപും നേതൃത്വത്തോട് പരാതി നൽകിയിരുന്നെങ്കിലും അവ നിരാകരിക്കപ്പെട്ടുവെന്നാണ് ആരോപണം. വി. മുരളീധരനും എം.ടി. രമേശും ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് അവൾ ചൂണ്ടിക്കാട്ടി.

“കേരളം ഞെട്ടുന്ന വാർത്ത പുറത്ത് വരാനിരിക്കുകയാണ്” എന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുറത്തായ പുതിയ വെളിപ്പെടുത്തൽ സതീശൻ സൂചിപ്പിച്ച ‘ബോംബുകളിൽ’ ഒന്നാണിതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. എന്നാൽ ഈ വിഷയത്തിൽ സതീശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഹുലിനെ രാജിവെപ്പിക്കാൻ പാലക്കാട് ബിജെപി നേതൃത്വം നൽകി നടത്തിയ സമരങ്ങൾക്ക് മുൻനിരയിൽ നിന്നിരുന്ന കൃഷ്ണകുമാറിനെതിരായ പരാതി പുറത്തുവന്നത് പാർട്ടിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

Show More

Related Articles

Back to top button