ചൂടുവെള്ളത്തിൽ കാൽമുക്കുന്ന ജപ്പാൻകാരുടെ ശീലം; പക്ഷാഘാത സാധ്യത കുറയ്ക്കാൻ സഹായകരമെന്ന് പഠനങ്ങൾ

ദീർഘായുസ്സിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയാലും ലോകശ്രദ്ധ നേടിയവരാണ് ജപ്പാൻകാർ. പോഷകസമൃദ്ധമായ ഭക്ഷണക്രമം, ശരീരസൗഖ്യത്തിൽ ഉള്ള ശ്രദ്ധ, മനസിനും ശരീരത്തിനുമിടയിലെ സന്തുലനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു സംസ്കാരമാണ് ജപ്പാനിലേത്. ഇക്കിഗായി, ഷിൻറിൻ-യോക്കു, ഹരാഹച്ചി-ബു തുടങ്ങിയ ആശയങ്ങൾ പോലെ തന്നെ, തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ അവർ പിന്തുടരുന്ന ഒരു ലളിത ശീലമാണ് ‘ആഷി യു’ എന്ന പാദസ്നാനം.
ദിവസേന ചൂടുവെള്ളത്തിൽ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ കാലുകൾ മുക്കിവയ്ക്കുന്ന ഈ ശീലം ശരീരത്തിന് നല്ല റിലാക്സേഷനും ആശ്വാസവും നൽകുന്നതോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുന്നതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. 38 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള വെള്ളമാണ് സാധാരണയായി ഉപയോഗിക്കുന്നത്. പാദങ്ങളിലെ നാഡികളും രക്തക്കുഴലുകളും സാവധാനം ഉത്തേജിപ്പിക്കപ്പെടുന്നതിലൂടെ രക്തസമ്മർദം കുറയുകയും സമ്മർദനില താഴുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതുവഴി ഹൃദയാരോഗ്യവും തലച്ചോറിന്റെ പ്രവർത്തനക്ഷമതയും മെച്ചപ്പെടുകയും പക്ഷാഘാത സാധ്യത കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
ജപ്പാൻ സംസ്കാരത്തിൽ കാൽപ്പാദങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധമുള്ള ആയിരക്കണക്കിന് നാഡികളുടെയും റിഫ്ലക്സ് പോയിന്റുകളുടെയും കേന്ദ്രമാണ് കാൽപാദങ്ങളെന്ന് അവർ വിശ്വസിക്കുന്നു. ഈ ഭാഗങ്ങളിൽ ഉത്തേജനം ലഭിക്കുമ്പോൾ നാഡീവ്യവസ്ഥ സജീവമാകുകയും ശരീരത്തിലെ ഊർജപ്രവാഹം മെച്ചപ്പെടുകയും ചെയ്യുമെന്ന് ജപ്പാൻ പരമ്പരാഗത ആരോഗ്യവിശ്വാസങ്ങൾ പറയുന്നു.
പ്രായം കൂടുന്തോറും രക്തചംക്രമണം മന്ദഗതിയിലാകുന്നത് സാധാരണമാണ്. ഇതാണ് രക്തം കട്ടപിടിക്കാനും പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുന്നത്. ചൂടുവെള്ളത്തിലെ പാദസ്നാനം രക്തം സ്വതന്ത്രമായി ഹൃദയത്തിലേക്ക് ഒഴുകാൻ സഹായിക്കുകയും ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ജേണൽ ഓഫ് കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, രണ്ടാഴ്ച തുടർച്ചയായി ദിവസേന 15 മിനിറ്റ് ആഷി യു ചെയ്ത ഹൈപ്പർടെൻഷൻ ഉള്ളവരിൽ സിസ്റ്റോളിക്, ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഹൃദയമിടിപ്പിന്റെ നിരക്കും മെച്ചപ്പെട്ടതായി പഠനം ചൂണ്ടിക്കാട്ടുന്നു.

വീട്ടിൽ തന്നെ വളരെ ലളിതമായി ചെയ്യാവുന്ന ഈ ശീലം, അധിക ചെലവോ ഉപകരണങ്ങളോ ഇല്ലാതെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഒരു ബേസിനിലോ ഫുട് ടബ്ബിലോ ആവശ്യമായ ചൂടുവെള്ളം നിറച്ച്, സൗകര്യപ്രദമായി ഇരുന്ന് കാലുകൾ മുക്കിവയ്ക്കുന്നതു മതി. ദിനചര്യയിലെ സമ്മർദങ്ങൾ കുറയ്ക്കാനും ശരീര-മനസ്സ് ആരോഗ്യം നിലനിർത്താനും ഈ ജപ്പാൻ ശീലം സഹായകരമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.




